ബിഗ് ടിക്കറ്റ് സീരീസ് 253 നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് ആയ 15 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കി മലയാളി. 30 വര്‍ഷത്തിലേറയായി പ്രവാസിയായ മുഹമ്മദ് അലി മൊയ്തീനാണ് സമ്മാനം നേടിയത്.
യുഎഇയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനയില്‍ അക്കൗണ്ട് മാനേജരായി പ്രവര്‍ത്തിച്ച് വരികയാണ് മുഹമ്മദ് അലി. മുഹമ്മദലിയുടെ പേരില്‍ മരുമകന്‍ നിഹാല്‍ പറമ്പത്ത് എടുത്ത ടിക്കറ്റിനാണ് സമ്മാനം നേടിയത്.
സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം 20 പേര്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്. ബിഗ് ടിക്കറ്റ് സീരീസ് 253ലെ ടിക്കറ്റ് നമ്പര്‍ 061908 നാണ് സമ്മാനം ലഭിച്ചത്. കേരളത്തില്‍ ലീവിന് എത്തിയപ്പോഴാണ് മുഹമ്മദലിയെ തേടി ഭാഗ്യമെത്തിയത്.
സമ്മാനം ലഭിച്ചെന്ന കോള്‍ വന്നപ്പോള്‍ ആദ്യം അത് വിശ്വസിച്ചില്ലെന്നും നിഹാല്‍ പറമ്പത്ത് ഖലീജ് ടൈംസിനോട് പറഞ്ഞു. സമ്മാനതുക മുഹമ്മദ് അലിയുടെ പേരില്‍ അടിക്കുന്നതിന് തൊട്ട് മുമ്പ് ഒന്നാം സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ വിളിച്ച് പറ്റിച്ചു. അതിനാല്‍ യഥാര്‍ത്ഥത്തില്‍ കോള്‍വന്നപ്പോള്‍ ആദ്യം വിശ്വസിച്ചില്ലെന്നാണ് നിഹാല്‍ പറഞ്ഞത്.
വര്‍ഷങ്ങളായി ടിക്കറ്റെടുക്കുന്ന ആളാണ് മുഹമ്മദ് അലി. സാധാരണ ഒറ്റയ്‌ക്കോ, കുറച്ച് സുഹൃത്തുക്കള്‍ക്കൊപ്പമോ ആണ് അദ്ദേഹം ടിക്കറ്റ് എടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ കുറച്ച് സുഹൃത്തുക്കളെ കൂടി കൂട്ടി ടിക്കറ്റ് എടുക്കുകയായിരുന്നു. ടിക്കറ്റ് എടുത്തവരില്‍ ഭൂരിഭാഗം പേരും ദുബായില്‍ തൊഴിലെടുക്കുന്ന കോഴിക്കോട് സ്വദേശികളാണെന്നും നിഹാല്‍ പറഞ്ഞു.
ഒപ്പം ടിക്കറ്റെടുത്ത ആളുകളിലധികം പേരും ജീവിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ്. അതുകൊണ്ട് തന്നെ ഈ സമ്മാനം അവര്‍ക്ക് കഷ്ടപ്പാടില്‍ നിന്ന് കരകയറാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പണം ഉപയോഗിച്ച് സ്വന്തമായി ബിസിനസ് തുടങ്ങാനാണ് പദ്ധതിയെന്ന് നിഹാലും വ്യക്തമാക്കി.