ഒമാൻ സെൻട്രൽ ബാങ്കിൽ നിന്നാണെന്ന വ്യാജേന ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത്തരം മേസേജുകൾ അവഗണിക്കാനും ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ‘പ്രിയ ഉപഭോക്താവേ, ഒമാൻ ഐഡി അപ്ഡേറ്റ് ചെയ്യാത്തതിനാൽ താങ്കളുടെ എടിഎം കാർഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എടിഎം കാർഡ് വീണ്ടും ഉപയോഗിക്കുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക’ എന്നാണ് പ്രചരിക്കുന്ന വ്യാജ സന്ദേശം.
ഇത്തരം വ്യാജ സന്ദേശങ്ങളും ഫോൺ കാളുകളും മലയാളികൾ ഉൾപ്പടെ നിരവധിയാളുകൾക്ക് വരുന്നുണ്ട്. ചതിക്കപ്പെട്ടവർ പുറത്തുപറയുകയോ പരാതിപ്പെടുകയോ ചെയ്യാത്തതിനാൽ ഇരയാക്കപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. വ്യാജ സന്ദേശം ലഭിച്ച ആളുകൾ ബാങ്കിൽ നേരിട്ട് അന്വേഷിച്ചതായും ബാങ്കുകൾ ഇങ്ങനെയുള്ള സന്ദേശങ്ങൾ അയക്കില്ലെന്നും ഒമാൻ സെൻട്രൽ ബാങ്ക് അധികൃതർ അറിയിപ്പ് നൽകി. ബാങ്കിംഗ് വിവരങ്ങൾ ആർക്കും നൽകാതെ രഹസ്യമായി സൂക്ഷിക്കണം. അബദ്ധം സംഭവിച്ചാൽ ബാങ്കിനെ അറിയിക്കുക, അക്കൗണ്ടും ക്രെഡിറ്റ് കാർഡും മരവിപ്പിക്കുക.
സന്ദേശം ലഭിച്ച നമ്പറിലേക്ക് തിരിച്ചു വിളിക്കരുത്. സന്ദേശങ്ങളോട് പ്രതികരിക്കരുത്. ഇത്തരം സന്ദേശങ്ങൾക്ക് മറുപടി നൽകിയാൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് ബാങ്ക് ഉത്തരവാദി ആയിരിക്കില്ല എന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി.