ദില്ലി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ഉപാധികളോടെ ജാമ്യം ലഭിച്ചു. ബിലാസ്പുർ എൻഐഎ കോടതിയാണ് തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ കന്യാസ്ത്രീകൾ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്.
50,000 രൂപയുടെ രണ്ട് ആൾജാമ്യം കൂടാതെ പാസ്‌പോർട്ടും കോടതിയിൽ സറണ്ടർ ചെയ്യണമെന്നാണ് ജാമ്യവ്യവസ്ഥ. ഇരുവരും രാജ്യം വിടരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ജാമ്യഉത്തരവ് കോടതിയിൽ നിന്നും എത്തിയാൽ ഇന്ന് തന്നെ കന്യാസ്ത്രീകൾ ജയിൽ മോചിതരാവും എന്നാണ് പ്രതീക്ഷിക്കുന്നത്. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾ ഒൻപത് ദിവസമായി ജയിലിലായിരുന്നു.
മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചു. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി എതിർത്തില്ല. അഞ്ചാമത്തെ വയസ്സിൽ മതപരിവർത്തനം നടത്തിയ വ്യക്തിയാണ് തട്ടിക്കൊണ്ടു പോകപ്പെട്ടതായി ആരോപിക്കപ്പെടുന്ന യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളുണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകൻ അമൃതോ ദാസ് കോടതിയിൽ വാദിച്ചു.
അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ മധ്യപ്രദേശിലെ ദുർഗിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെ തടഞ്ഞു വെച്ചത്.