ബഹ്റൈനിൽ പാർലിമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാവുന്നു. 40 പാർലിമെന്റ് മണ്ഡലങ്ങളിലേക്കും നാല് മുനിസിപ്പൽ കൗൺസിലുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത ശനിയാഴ്ച്ച വോട്ടെടുപ്പ് നടക്കും.
നിലവിൽ പാർലമെന്റ് അംഗങ്ങളായ കൂടുതൽ പേരും മത്സര രംഗത്തുണ്ട്. കൂടാതെ മുൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു തോറ്റവരും പുതുമുഖങ്ങളും മത്സരിക്കും. അതേസമയം മുൻകാലങ്ങളെ അപേക്ഷിച്ച് സ്ഥാനാർഥികൾ വ്യക്തിപരമായാണ് മത്സരിക്കുന്നത്. പാർട്ടി പ്രവർത്തനം മന്ദീഭവിച്ചതിനാലാണ് പാർട്ടി ആഭിമുഖ്യമുള്ളവരടക്കം സ്വതന്ത്രരായി മത്സരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ബോർഡുകൾ സ്ഥാപിച്ചാണ് പ്രചാരണം നടക്കുന്നത്. ഇതിന്റെ ഭാഗമായി ടെൻറ്റുകളും ഓഫിസുകളും സ്ഥാപിച്ചിട്ടുണ്ട്. മുനിസിപ്പൽ അനുമതിയോടെ ചെറുതും വലുതുമായ 18,000 ത്തോളം ബോർഡുകളാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. 225 തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രങ്ങളുമുണ്ട്.