വടക്കഞ്ചേരിയില്‍ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് പേരുടെ മരണത്തിന് കാരണമായ ‘അസുര’ ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട വാഹനമെന്ന് രേഖകള്‍. അസുര ബസ് തുടര്‍ച്ചയായി നിയമലംഘനം നടത്തിയിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകളിൽ നിന്നും വ്യക്തമാവുന്നത്. വാഹനത്തിനെതിരെ നിലവില്‍ അഞ്ച് കേസുകളാണുള്ളത്.
കോട്ടയം ആര്‍ടിഒയുടെ കീഴിലാണ് ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി കളേര്‍ഡ് ലൈറ്റുകള്‍ മുന്നിലും അകത്തും സ്ഥാപിച്ചു, നിയമവിരുദ്ധമായി എയര്‍ ഹോണ്‍ സ്ഥാപിച്ചു. നിയമലംഘനം നടത്തി വാഹനമോടിച്ചു തുടങ്ങിയവയാണ് ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് ചുമത്തിയിരിക്കുന്ന കേസുകൾ. കരിമ്പട്ടികയിൽ പെടുത്തിയാലും സര്‍വീസ് നടത്തുന്നതിന് തടസമില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.
എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത് പൂക്കോടൻ വീട്ടിൽ ജോജോ പത്രോസാണ് വാഹനാപകടത്തിന് കാരണമായ ബസ് ഓടിച്ച ഡ്രൈവർ. ആദ്യം അദ്ധ്യാപകൻ എന്ന് പറഞ്ഞാണ് ഇയാൾ ആശുപത്രിയിൽ നിന്നും ചികിത്സ തേടിയത്. രാവിലെ ആറ് മണിയോടെ എറണാകുളത്ത് നിന്ന് ബസിന്റെ ഉടമകൾ എത്തി ഇയാളെ കൂട്ടികൊണ്ട് പോയി. ബസ്സിന്റെ ഡ്രൈവർ എന്നാണ് ഇവർ പറഞ്ഞതെന്നും നഴ്സ് വ്യക്തമാക്കി. ഒളിവിലുള്ള ഡ്രൈവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അമിത വേഗത്തിൽ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാര്‍ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്‍റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് സംഘം പരിശോധന നടത്തുന്നുണ്ട്. അപകട സമയം ചാറ്റല്‍ മഴ പെയ്തിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി.
അപകടത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. സ്‌കൂളുകള്‍ വിനോദ യാത്രയുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് ബസുകള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ സ്‌കൂള്‍ ഡ്രൈവര്‍മാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ഡ്രൈവര്‍മാരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് നിര്‍ദേശം നല്‍കും. ഡ്രൈവര്‍മാരുടെ എക്‌സ്പീരിയന്‍സ് അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. വടക്കഞ്ചേരി അപകടത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.