കാസർകോട്: സൈബർ അധിക്ഷപം നടത്തിയ അരുൺ വിദ്യാധരനെ കാസർകോട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ലോഡ്ജിലാണ് അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ആതിര മരിച്ചതിന് പിന്നാലെ അരുണിനായി പൊലീസ് തെരച്ചിൽ തുടരുകയായിരുന്നു.
ആതിര പരാതി നൽകിയ ശേഷം അരുൺ ഒളിവിൽ പോയിരുന്നു. എന്നാൽ തുടർന്നും ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ ആതിരയെ അപമാനിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. ഞായറാഴ്ച രാവിലെ ആതിര ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇയാളെ പൊലീസ് വിളിക്കുകയും സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആതിര മരിച്ചെന്നറിഞ്ഞതോടെ അരുൺ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഇയാൾ കോയമ്പത്തൂരിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഘം അവിടെ എത്തി നേരത്തെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ പൈനാപ്പിൾ ലോറി ഡ്രൈവർ എന്നു പരിചയപ്പെടുത്തിയാണ് അരുൺ കാഞ്ഞാങ്ങാട്ടെ ലോഡ്ജിൽ റൂം എടുത്തത്. ഏപ്രിൽ മുപ്പത് മുതൽ പൊലീസ് ഇയാൾക്കായി തെരച്ചിൽ നടത്തുണ്ടായിരുന്നു. എന്നാൽ മെയ് രണ്ടിനാണ് അരുൺ ഇവിടെ എത്തി റൂം എടുത്തതെന്നാണ് ലോഡ്ജ് മാനേജർ നൽകുന്ന വിവരം.
ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഇയാൾ മുറിയെടുത്തത്. ഈ രണ്ട് ദിവസങ്ങളിലും ഇയാൾ അധികസമയവും റൂമിൽ തന്നെ തുടരുകയായിരുന്നുവെന്നും ഇന്നലെ രാത്രിയോടെ ഇയാൾ ഭക്ഷണം കഴിക്കാൻ പോയി തിരിച്ചു വന്നശേഷം റൂം തുറന്നിട്ടില്ലെന്നും ലോഡ്ജ് ഉടമകൾ പറയുന്നു. റൂമിലിരുന്ന് അരുൺ മദ്യപിക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്തത് കണ്ടിരുന്നുവെന്നും ലോഡ്ജ് ഉടമ പറയുന്നു. കൈ മുറിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു അരുൺ എന്നും ഒരുപാട് ഗുളികകൾ കഴിച്ച ശേഷമാണ് ആത്മഹത്യ ചെയ്തത് എന്നാണ് മനസ്സിലാക്കുന്നതെന്നും ദൃക്സാക്ഷികൾ പറയുന്നത്. ഇന്നലെ രാത്രിയോടെ അരുണിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുച്ചിരുന്നു.