അബുദാബി ബിഗ് ടിക്കറ്റ് 250-ാം സീരിസ് നറുക്കെടുപ്പിൽ രണ്ട് കോടി ദിർഹത്തിന്റെ (44 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം സ്വന്തമാക്കിയ സന്തോഷത്തിലാണ് മലയാളിയായ അരുൺ കുമാറും കുടുംബവും.
റാഫിൾ നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം നേടിയതിന്റെ വാർത്ത അറിയിക്കാൻ ഷോയുടെ അവതാരകനായ റിച്ചാർഡ് വിളിച്ചപ്പോൾ അതൊരു തട്ടിപ്പായിരിക്കുമെന്നാണ് താൻ കരുതിയതെന്നും ഉടനെതന്നെ കോൾ കട്ട് ചെയ്തുവെന്നും അരുൺ പറയുന്നു. ആ കോൾ കട്ട് ചെയ്തതിന് ശേഷം നമ്പർ ബ്ലോക്കാക്കി. പിന്നീട് ബിഗ് ടിക്കറ്റ് അധിക്യതർ മറ്റൊരു ഫോണിൽ നിന്ന് തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും അരുൺ കുമാർ പറയുന്നു.
സുഹൃത്തുക്കൾ വഴിയാണ് ബിഗ് ടിക്കറ്റിനെകുറിച്ച് അറിഞ്ഞത്. പിന്നീട് ടിക്കറ്റ് ഓൺലൈൻ വഴി വാങ്ങുകയായിരുന്നു. ഒന്നാം സമ്മാനം നേടിയെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും അരുൺ പറയുന്നു. മാർച്ച് 22-നെടുത്ത 261031 നമ്പർ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. കാൽമുട്ടിന് വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ ചികിത്സയിലാണ് കുമാർ ഇപ്പോൾ. ഒരു ബിസിനസ്സ് തുടങ്ങുക എന്ന തന്റെ ദീർഘകാല സ്വപ്നം ഇതിലൂടെ സാക്ഷാത്കരിക്കുമെന്നും അരുൺ പറയുന്നു.