അബുദാബി: അൻപത്തിനാലാമത് ഈദ് അൽ ഇത്തിഹാദിനു മുന്നോടിയായി യുഎഇക്കുള്ള തന്റെ സംഗീതാദരവ് ‘ജമാൽ’ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ നിറഞ്ഞ സദസ്സിന് മുന്നിൽ സമർപ്പിച്ച് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ. ബുർജീൽ ഹോൾഡിങ്‌സ് ആശയം നൽകി റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച യുഎഇ യിൽ ഒരുങ്ങിയ ‘ജമാൽ’ പ്രത്യാശയുടെ ഗാനമാണ്. അക്കാദമി, ഗ്രാമി അവാർഡ് ജേതാവായ സംഗീതസംവിധായകൻ ഗാനം അവതരിപ്പിച്ചപ്പോൾ വലിയ ആവേശത്തോടെയാണ് സദസ്സ് അതിനെ സ്വീകരിച്ചത്.

സംഗീതപരിപാടിക്ക് ശേഷം റഹ്‌മാന് ആദരവർപ്പിച്ച് പ്രത്യേക വെടിക്കെട്ടും നടന്നു. സ്ലംഡോഗ് മില്യണയറിലെ ‘ജയ് ഹോ’ ഗാനത്തിനനുസരിച്ചായിരുന്നു വെടിക്കെട്ട്. രാജ്യത്തിലെ ഏറ്റവും വലിയ സാംസ്കാരിക, പൈതൃക മേളകളിലൊന്നായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെത്തിയ ജനക്കൂട്ടവും ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. റഹ്മാനോടൊപ്പം ജമാലിന്റെ ലോക പ്രീമിയറിൽ ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ബോർഡ് മെമ്പർ ഒമ്രാൻ അൽ ഖൂരി, ഫെസ്റ്റിവെൽ സംഘാടകർ എന്നിവരും പങ്കെടുത്തു.
ജമാലിലെ ഓരോ വരിയും പ്രത്യാശയുടേതാണ്. ഐക്യം, സഹവർത്തിത്വം, മാനവികത തുടങ്ങി യുഎഇയുടെ മൂല്യങ്ങളാണ് പാട്ടിന്റെ ഉള്ളടക്കം. രാജ്യത്തിന്റെ ഭൂതകാലത്തിൽ തുടങ്ങി, വർത്തമാന, ഭാവി കാലങ്ങളിലൂടെ പ്രേക്ഷകരെ സഞ്ചരിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങുന്ന പ്രത്യേക പതിപ്പും ഗാനത്തിനുണ്ട്. ദൃഢനിശ്ചയം വെല്ലുവിളികളെ മറികടക്കാൻ എങ്ങിനെ സഹായിക്കുമെന്ന് ജമാൽ ആസ്വാദകരെ ഓർമിപ്പിക്കുന്നു.

യുഎഇയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു ഗാനം സംവിധാനം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എ ആർ റഹ്മാൻ പറഞ്ഞു. “ഏറെ കാര്യങ്ങൾ ജീവിതത്തിൽ സമ്മാനിച്ച യുഎഇയ്ക്ക് ആദരവായി ഒരു ഗാനം തയ്യാറാക്കാനായുള്ള അഭ്യർത്ഥനയുമായാണ് ഡോ. ഷംഷീർ സമീപിച്ചത്. വെല്ലുവിളികളെ ഒറ്റക്കെട്ടായി മറികടക്കുന്ന യുഎഇയോടെയുള്ള ആദരവായി തന്റെ മനസിൽ ഉടലെടുത്ത ഗാനമാണ് ജമാൽ. ദീർഘകാലമായി യുഎഇയുമായി അടുത്തു പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സംഘർഷങ്ങൾക്ക് ശേഷം സമാധാനം പുലരുമെന്ന പ്രതീക്ഷകൾക്കിടെ ജമാൽ പുറത്തിറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ‘ജമാൽ’ പറയുന്നതും അതാണ്: കഷ്ടപ്പാടുകളിൽ പ്രത്യാശയ്ക്ക് വഴികാട്ടിയാകാൻ സാധിക്കും,” റഹ്മാൻ പറഞ്ഞു.
ബുർജീൽ ഹോൾഡിങ്‌സിന്റെയും എ ആർ റഹ്മാന്റെയും മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ‘ജമാൽ.’ വർഷങ്ങളായി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ആരോഗ്യ പങ്കാളിയായ ബുർജീൽ ഹോൾഡിങ്‌സ് സമൂഹത്തെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ജമാൽ’ ഗാനത്തിന് രൂപം നൽകിയത്. യുഎഇയിലെ ഏറ്റവും വലിയ കലാ, സാംസ്കാരിക, പൈതൃക വേദികളിലൊന്നായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനേക്കാൾ വലിയ വേദിയില്ല ‘ജമാൽ’ അവതരിപ്പിക്കാൻ, ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. “തൊഴിലിനായി എത്തുന്നവർക്ക് ജീവിതം നൽകുന്ന നാടാണ് യുഎഇ. നേതൃത്വത്തിന്റെയും ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയുള്ള ഇടം. ഈ നാടിന് ആദരവേകാനുള്ള ഗാനമെന്ന ആശയമാണ് എആർ റഹ്‌മാൻ സംഗീതമേകി പൂർത്തിയാക്കിയ ജമാൽ. യുഎഇയുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്ന ഒരു പദ്ധതിയൊരുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്,” ഡോ. ഷംഷീർ കൂട്ടിച്ചേർത്തു.
എ ആർ റഹ്മാന്റെ മകളും സംഗീത സംവിധായികയുമായ ഖദീജ റഹ്മാൻ നയിക്കുന്ന റൂഹ്-ഇ-നൂർ ബാൻഡിന്റെ അവതരണവും, ലെബനീസ് അമേരിക്കൻ സംഗീതജ്ഞ മെയ്സ കാരയുടെ പാട്ടുകളും, പിയാനോ-കഥക് ഫ്യൂഷൻ അവതരണവും ആഘോഷ രാവിന് കൂടുതൽ മിഴിവേകി. ‘ജമാൽ’ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി എ ആർ റഹ്മാന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും.




