ഉത്തരാഖണ്ഡിൽ കോപ്പിയടി വിരുദ്ധ നിയമത്തിന് ഗവർണർ ലഫ്റ്റനന്റ് ഗുർമിത് സിംഗ് അംഗീകാരം നൽകി. സംസ്ഥാന റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ അന്യായമായ മാർഗങ്ങൾ ഉപയോഗിച്ച് തട്ടിപ്പു നടത്തുന്നത് തടയാൻ ഉത്തരാഖണ്ഡ് സർക്കാർ സമർപ്പിച്ച ഓർഡിനൻസിനാണ് ഗവർണർ അംഗീകാരം നൽകിയത്. പരീക്ഷയ്ക്കിടെ കോപ്പിയടിക്കുന്നത് മൂലം പിടിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉത്തരാഖണ്ഡിൽ രണ്ട് തവണ പരീക്ഷ പേപ്പർ ചോർന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
കോപ്പിയടിയ്ക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരമാവധി ജീവപര്യന്തം ശിക്ഷയാണ് ലഭിക്കുക. ഇതോടൊപ്പം 10 കോടി രൂപ പിഴയും ഈടാക്കും. കൂടാതെ ഇവർക്കൊപ്പം ഇവരുടെ സ്വത്തുക്കളും കണ്ടുകെട്ടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. എല്ലാ പരീക്ഷകളും ന്യായമായും സുതാര്യമായും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മുതൽ സംസ്ഥാനത്ത് നടത്തുന്ന എല്ലാ റിക്രൂട്ട്‌മെന്റ് പരീക്ഷകളും കോപ്പിയടി വിരുദ്ധ ഓർഡിനൻസ് 2023 പ്രകാരമായിരിക്കും നടപ്പിലാക്കുക.
അതേസമയം ഉത്തരാഖണ്ഡ് സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ പേപ്പർ ചോർച്ച കേസിൽ കുടുങ്ങിയതിന് പിന്നാലെ റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നടത്താൻ സർക്കാർ ഉത്തരാഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാൽ 2022 നവംബറിലെ യുകെഎസ്‌എസ്‌സി പേപ്പർ ചോർച്ചയും പട്‌വാരി പരീക്ഷ പേപ്പർ ചോർച്ചയും മൂലം യുകെപിഎസ്‌സിയും വാർത്തകളിൽ ഇടം നേടിയിരുന്നു.
ഏകദേശം 1.4 ലക്ഷം ഉദ്യോഗാർത്ഥികളെയാണ് ചോദ്യപേപ്പർ ചോർച്ച ബാധിച്ചത്. ഇതോടെയാണ് പുതിയ നിയമം കൊണ്ടുവരാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചത്.