ആൻഡമാൻ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റുന്നതായി റിപ്പോർട്ട്. പരംവീർ ചക്ര പുരസ്‌കാരങ്ങൾ ലഭിച്ച ജേതാക്കളുടെ പേരുകളായിരിക്കും 21 ദ്വീപുകൾക്ക് നൽകുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ ജന്മദിനമായ തിങ്കളാഴ്ച ദ്വീപുകളുടെ പേരുകൾ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.
അതേസമയം നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ നാമത്തിലുളള ദ്വീപിൽ അദ്ദേഹത്തിനായി ദേശീയ സ്മാരകത്തിൻ്റെ മാതൃകയും ഉയരുന്നുണ്ട്. ഈ ദേശീയ സ്മാരകത്തിൻ്റെ മാതൃകയുടെ അനച്ഛാദനവും പ്രധാനമന്ത്രി നിർവ്വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
2018-ൽ ആൻഡമാൻ നിക്കോബാർ ദ്വീപിലെ റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്ന് പുനർനാമകരണം ചെയ്തിരുന്നു. കൂടാതെ നെയിൽ അയലൻ്റ്, ഹാവ്ലോക്ക് അയലൻ്റ് എന്നിവ പുനർനാമകരണം ചെയ്ത് ഷഹീദ് ദ്വീപ് എന്നിങ്ങനെയുള്ള പേരുകൾ നൽകി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.