കുവൈറ്റ് സർക്കാറിന്റെ രാജി അമീർ അംഗീകരിച്ചു. പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നത് വരെ കാവൽ സർക്കാറായി നിലവിലുള്ള സർക്കാർ പ്രവർത്തിക്കണമെന്ന് അമീർ ഉത്തരവിൽ ആവശ്യപ്പെട്ടു. ദേശീയ അസംബ്ലിയുമായുള്ള സർക്കാരിന്റെ തർക്കങ്ങളാണ് രാജിക്ക് കാരണം.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് കീഴിലുള്ള സർക്കാർ അധികാരമേറ്റ് മൂന്ന് മാസം പിന്നിടുമ്പോളാണ് സർക്കാർ നിലം പ തിക്കുന്നത്. പൊതു ഫണ്ടുകൾക്ക് വളരെ ചെലവേറിയതായി സർക്കാർ കാണുന്ന ജനകീയ കരട് നിയമനിർമാണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട എം.പിമാരുമായുള്ള തർക്കത്തെ തുടർന്നാണ് സർക്കാറും എം.പിമാരും തമ്മിലുള്ള ബന്ധം വഷളായത്.
പുതിയ സർക്കാർ രൂപവത്കരണത്തിനായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വൈകാതെ കൂടിയാലോചനകൾ ആരംഭിക്കും. സ്പീക്കർ അഹമ്മദ് അൽ സദൂൻ മുൻ സ്പീക്കർമാർ, മുൻ പ്രധാനമന്ത്രിമാർ എന്നിവരുമായി കൂടിയാലോചനകൾ നടത്തും. തുടർന്ന് പ്രധാനമന്ത്രിയെ നിശ്ചയിക്കുകയും മന്ത്രിസഭ രൂപവത്കരിക്കാൻ ചുമതല നൽകുകയും ചെയ്യും.