അംബാനി കുടുംബത്തിലെ ആഘോഷങ്ങളിളെല്ലാം ആഡംബരം ഒരു ശ്രദ്ധാ കേന്ദ്രമാണ്. എന്നാൽ അതിലേറെ ചർച്ചാവിഷയാവുക നിത അംബാനിയാണ്. അതിസുന്ദരിയായി ഒരുങ്ങിയെത്തുന്ന നിത ആളുകളുടെ മനസ്സ് കവരാറുണ്ട്. ഇപ്പോഴിതാ ഇളയമകൻ അനന്തിന്റെ വിവാഹനിശ്ചയത്തിനും നിത അംബാനിയുടെ പ്രൗഢി ആരാധകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. ചടങ്ങിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായിരുന്നു ക്ഷണം.
അംബാനിയുടെ വസതിയായ ആന്റീലയിൽ വ്യാഴാഴ്ച വൈകിട്ട് നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ ഡിസൈനർമാരായ അബുജാനി സന്ദീപ് കോസ്ല ഒരുക്കിയ സാരി ധരിച്ചാണ് നിത പങ്കെടുത്തത്. ചുവപ്പ് ബോർഡറുള്ള ഐവറി സാരിയിൽ നിത വളരെയധികം സുന്ദരിയായിരുന്നു. എംബ്രോയഡ്റിയും എംബ്ബല്ലിഷ്മെന്റുകളുമുള്ള സാരിക്ക് ചുവപ്പ് ബ്ലൗസ് പെയർ ചെയ്തപ്പോൾ റോയൽ ലുക്ക് ലഭിച്ചു.
ഗുജറാത്തി ഹിന്ദു പാരമ്പര്യമനുസരിച്ചായിരുന്നു ചടങ്ങുകൾ. ഗുജറാത്തി സ്റ്റൈലിലായിരുന്നു നിതയും സാരി ഉടുത്തിരുന്നത്. വജ്രക്കല്ലുകൾ പതിപ്പിച്ച ഹെവി ആഭരണങ്ങൾ നിതയുടെ ഭംഗി കുറച്ചു കൂടി കൂട്ടി. നാച്ചുറൽ സ്കിൻ ടോൺ നിലനിർത്തി ഫീച്ചറുകൾ ഹൈലൈറ്റ് ചെയ്യുന്ന രീതിയിലായിരുന്നു മേക്കപ്പ് ചെയ്തിരുന്നത്. കാജൽ, ഐലൈനർ, മസ്കാര എന്നിവ മിതമായി മാത്രമേ ഉപോയഗിച്ചിരുന്നുള്ളു. പതിവു പോലെ മുടിയിൽ ബൺ ഹെയർ സ്റ്റൈലാണ് ഉപയോഗിച്ചത്. മേക്കപ് ആർട്ടിസ്റ്റ് മിക്കി കോൺട്രാക്ടറുടെ ഈ മേക്കപ്പ് കൂടിയായപ്പോൾ നിത രാജകുമാരിയായി തിളങ്ങി. എല്ലാം ചേർന്നതോടെ വിവാഹനിശ്ചവേദിയുടെ കേന്ദ്ര ബിന്ദുവായി നിത മാറി.
അതേസമയം റോയൽ ബ്ലൂ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് അനന്ത് ധരിച്ചത്. രാധികയാവട്ടെ ഗോൾഡൻ ലഹങ്കയിൽ അതി സുന്ദരിയായി. നിശ്ചയത്തിനു മുന്നോടിയായി വേദിയിൽ ഗണേശ പൂജയും നടത്തിയിരുന്നു. തുടർന്ന് കല്യാണ പത്രിക വായിക്കുകയും മോതിരങ്ങൾ പരസ്പരം അണിയിക്കുകയും ചെയ്തു. കൂടാതെ അംബാനി കുടുംബാംഗങ്ങളുടെ കലാപ്രകടനങ്ങളും അരങ്ങേറിയിരുന്നു.