വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജില്‍ വീണ്ടും സംഘര്‍ഷം. വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവുമുണ്ടായി. ചര്‍ച്ചയിലെടുത്ത തീരുമാനം എന്താണെന്ന് പറയുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ഉച്ചയ്ക്ക് ആറ് വിദ്യാര്‍ത്ഥികളെയാണ് ചര്‍ച്ചയ്ക്ക് വിൡച്ചത്. എന്നാല്‍ ചര്‍ച്ചയ്ക്ക് വിളിച്ച വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടാനോ എന്താണ് ചര്‍ച്ച ചെയ്തതെന്ന് പോലും പുറത്ത് നില്‍ക്കുന്ന കുട്ടികള്‍ക്ക് അറിയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും ക്യാംപസ് സംഘര്‍ഷഭരിതമായത്.
ക്യാംപസില്‍ പൊലീസ് സന്നാഹമുണ്ട്. പൊലീസ് ബലപ്രയോഗം നടത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പൊലീസും വിദ്യാര്‍ത്ഥികളുമായി ഉന്തും തള്ളുമുണ്ടായി. കേസ് ഒതുക്കി തീര്‍ക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
അതേസമയം ശ്രദ്ധയുടെ വീട്ടില്‍ കാഞ്ഞിരപ്പള്ളി പൊലീസ് എത്തി. അച്ഛന്റേയും അമ്മമയുടെയും മൊഴി എടുത്തു. ഇന്ന് രാവിലെ ഹോസ്റ്റലില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീതി ലഭിക്കാതെ പോവില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.
അതേസമയം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന യുവജന കമീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.