കൊല്ലം: ബിഗ്ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. എൻഡിഎ മുന്നണിയുടെ ഭാഗമായ ട്വൻ്റി20യുടെ സ്ഥാനാർത്ഥിയായി അഖിൽ മാരാർ മത്സരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ട്വൻ്റി20-യുമായി ചർച്ച നടത്തിയെന്ന് അഖിൽ മാരാർ സ്ഥിരീകരിച്ചിട്ടുണ്ട്. കൊട്ടാരക്കരയിലോ കൊല്ലത്തോ അഖിൽ മത്സരിക്കും എന്നാണ് സൂചന.
കോൺഗ്രസ് പാർട്ടിയുമായും നേതാക്കളുമായും അടുപ്പം സൂക്ഷിച്ചിരുന്ന അഖിൽ മാരാർ പാർട്ടി ടിക്കറ്റിൽ മത്സരിക്കുമെന്ന തരത്തിൽ നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഖിലും ഇതിനായി നീക്കങ്ങൾ നടത്തിയെങ്കിലും കൊട്ടാരക്കര മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നതോടെ അവിടെ യുഡിഎഫ് സ്ഥാനാർത്ഥിത്വം അയിഷയ്ക്ക് തന്നെയാവുമെന്ന് ഉറപ്പായിരുന്നു.
സാഹചര്യം തിരിച്ചറിഞ്ഞ ബിജെപി അഖിലിന് സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം ബിജെപിയിലേക്ക് പോകാൻ തയ്യാറായില്ല എന്നാണ് സൂചന. തുടർന്ന് തീർത്തും അപ്രതീക്ഷിതമായിട്ടാണ് ട്വൻ്റി 20യ്ക്ക് കെൈ കൊടുക്കാൻ അഖിൽ തീരുമാനിച്ചത്. അഖിൽ നിലവിൽ ട്വൻ്റി 20യുടെ ഭാഗമല്ലെങ്കിലും അദ്ദേഹം പാർട്ടിയിൽ അംഗത്വം എടുത്താൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്നാണ് ചെയർമാൻ സാബു ജേക്കബിൻ്റെ പ്രതികരണം. അതേസമയം സതീശനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സ്ഥിരമായി പങ്കുവച്ചിരുന്ന അഖിൽ ഇന്ന് പ്രതിപക്ഷ നേതാവിനെ വിമർശിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റും പങ്കുവച്ചിട്ടുണ്ട്.
അഖിൽ മാരാറുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇസ്ലാം മത പണ്ഡിതൻമാരിൽ സമൂഹത്തോടും പൊതു ജനങ്ങളോടും കൂറുള്ള വ്യക്തിത്വമാണ് ഉസ്താദ് കാന്തപുരം മുസ്ലിയാർ..
ഇന്ത്യൻ പ്രധാന മന്ത്രിയെ കണ്ട ശേഷം അദ്ദേഹം നടത്തിയ പ്രസ്താവന യഥാർത്ഥത്തിൽ ബാധിക്കേണ്ടത് രാജ്യം ഭിന്നിപ്പിക്കാൻ നോക്കി നടക്കുന്ന പോപ്പുലർ ഫ്രണ്ട്, ജമാഅത് ഇസ്ലാമി പോലെയുള്ള സംഘടനകൾക്കാണ്.. എന്നാൽ അവർ നിശബ്ദർ ആകുകയും പ്രതിപക്ഷ നേതാവ് അസ്വസ്ഥൻ ആകുകയും ചെയ്യുന്നതാണ് ഞാൻ കണ്ടത്…
എന്തിനാണ് മുസ്ലിം മത പണ്ഡിതർക്കില്ലാത്ത ആവലാതി ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാവുന്നത്.. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം സംസാരിക്കുന്നതിനു പകരം മതവും വർഗീയതയും ചർച്ച ആക്കുന്നതിനോട് മുൻപേ എതിരഭിപ്രായം ഉള്ള ആളാണ് ഞാൻ..
വർഗീയ ശക്തികളെ കൂട്ട് പിടിച്ചു അധികാരത്തിൽ തിരികെ എത്താം എന്ന കാഴ്ചപാട് രാഷ്ട്രീയമായി നല്ലതിനല്ല..
മതവും ജാതിയും ഒക്കെ വിട്ട് ജനങ്ങൾക്ക് എങ്ങനെ സന്തോഷകരമായ ജീവിതം നൽകാം.. പുതു തലമുറയ്ക്ക് മനോഹരമായ ഭാവി എങ്ങനെ നൽകാം..
ജമാ അത്തെ ഇസ്ലാമിക് മാത്രമല്ല RSS ന് പഴയ വർഗീയതയില്ല എന്ന് കാന്തപുരം ഉസ്താദിന് തോന്നിയാൽ അത് അംഗീകരിക്കുകയല്ലേ വേണ്ടത്..




