ദില്ലി: സുരക്ഷാ ലംഘനത്തിന് 1.1 കോടി രൂപ പിഴ ചുമത്തിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (ഡിജിസിഎ) നടപടിക്കെതിരെ എയർഇന്ത്യ. സുരക്ഷാ ലംഘനങ്ങൾക്ക് രാജ്യത്തെ ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ചുമത്തിയ 1.1 കോടി രൂപ പിഴ ചുമത്തിയതിനെ എയർ ഇന്ത്യ എതിർത്തു. ദൈർഘ്യമേറിയതും അപകടസാധ്യതയുള്ളതുമായ ചില റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങൾ പാലിക്കേണ്ട സുരക്ഷാനിയമങ്ങൾ ലംഘിച്ചതിനാണ് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ പിഴ ചുമത്തിയത്.
“പിഴ ചുമത്തിയുള്ള ഡിജിസിഎയുടെ ഉത്തരവിനോട് ഞങ്ങൾ വിയോജിക്കുന്നു. പുറത്തുള്ള ചില വ്യോമയാന വിദഗ്ദ്ധരെ കൂടി സഹകരിപ്പിച്ച് കൊണ്ട് എയർഇന്ത്യ നടത്തിയ പരിശോധനയിൽ എന്തെങ്കിലും തരത്തിലുള്ള സുരക്ഷാവീഴ്ചകൾ കണ്ടെത്താനായിട്ടില്ല. ഡിജിസിഎയുടെ ഉത്തരവ് ഞങ്ങൾ വിശദമായി പഠിച്ചു. ഈ ഉത്തരവിനെതിരെ അപ്പീൽ നൽകുന്നത് അടക്കമുള്ള സാധ്യതകൾ പരിശോധിച്ചു വരികയാണ്. – എയർ ഇന്ത്യ വാര്ർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം ചില ദീർഘദൂര റൂട്ടുകളിലും, ദുഷ്കരമായ ഭൂപ്രകൃതിയുള്ള എയർപോർട്ടുകളിലേക്കും നടത്തുന്ന സർവ്വീസുകളിൽ എയർഇന്ത്യ സുരക്ഷാലംഘനം നടത്തിയെന്ന് വിലയിരുത്തിയാണ് ഡിജിസിഎ പിഴ ചുമത്തിയത്. ഒരു എയർ ഇന്ത്യ ജീവനക്കാരന്റെ സുരക്ഷാ റിപ്പോർട്ടിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ വൃത്തങ്ങൾ വിശദീകരിക്കുന്നു.