കൊൽക്കത്തയിലേക്കുള്ള എയർ ഏഷ്യ വിമാനം അടിയന്തിരമായി ഇറക്കി. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് പറന്നുയർന്ന ഉടൻ തന്നെ ലഖ്‌നോ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. അതേസമയം മറ്റൊരു വിമാനത്തിൽ യാത്രകർക്കായി സൗകര്യമൊരുക്കാനുള്ള നീക്കത്തിലാണ് അധികൃതറെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
180 യാത്രക്കാരുമായി കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന ഐ5-319 എയർ ഏഷ്യ വിമാനത്തിൻ്റെ എഞ്ചിനിലാണ് ക്ഷി ഇടിച്ചത്. ഉടൻ തന്നെ എയർപോർട്ട് അതോറിറ്റിയെ ബന്ധപ്പെട്ടു. അനുമതി ലഭിച്ച ഉടൻ വിമാനം അടിയന്തരമായി ഇറക്കി. തുടർന്ന് എയർപോർട്ട് അതോറിറ്റി അധികൃതർ സ്ഥലത്തെത്തിയതിനു ശേഷം എല്ലാ യാത്രക്കാരോടും വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷവും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. അഹമ്മദാബാദിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പറക്കുകയായിരുന്ന ആകാശ എയർ വിമാനം പക്ഷി ഇടിച്ചതിനെ തുടർന്ന് പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായി അടിയന്തരമായി നിലത്തിറക്കിയിരുന്നു. 1900 അടി ഉയരത്തിൽ വച്ചാണ് അന്ന് ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിൽ പക്ഷി ഇടിച്ചത്. വിമാനത്തിന് കേടുപാടുകളും സംഭവിച്ചിരുന്നു.





