കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ പ്രതിയായ നടി ലക്ഷ്മി മേനോൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. നടിയുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കേസിൽ നാല് പ്രതികളാണുള്ളത്. അതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തുവെന്നും ഇവരെല്ലാം റിമാൻഡിലാണെന്നും കമ്മീഷണർ വ്യക്തമാക്കി.
ബാറിലുണ്ടായ തർക്കത്തെ തുടർന്നാണ് ഐടി ജീവനക്കാരനായ യുവാവിനെ ലക്ഷ്മി മേനോൻ അടങ്ങിയ സംഘം കാർ തടഞ്ഞ് തട്ടിക്കൊണ്ടു പോയി മർദ്ദിച്ചത്. കേസിൽ മൂന്നാം പ്രതിയാണ് ലക്ഷ്മി. ഞായറാഴ്ച രാത്രി കൊച്ചി ബാനർജി റോഡിലെ ബാറിൽ വച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. ബാറിൽ വച്ച് നടിയുടെ സംഘവും മർദ്ദനമേറ്റ ഐടി ജീവനക്കാരൻ്റെ സംഘവും തമ്മിൽ വഴക്കുണ്ടായി.
ബാറിൽ നിന്നും മടങ്ങുകയായിരുന്ന യുവാവിനേയും സുഹൃത്തുകളേയും നോർത്ത് പാലത്തിന് സമീപം കാർ തടഞ്ഞ് ലക്ഷ്മി മേനോനും സംഘവും കാറിലേക്ക് ബലമായി കയറ്റി കൊണ്ടു പോയി. പറവൂർ ഭാഗത്തേക്ക് പോയ സംഘം കാറിലിട്ട് യുവാവിനെ മർദ്ദിച്ചുവെന്നാണ് കേസ്. സംഭവത്തിൽ ലക്ഷ്മിയുടെ സുഹൃത്തുകളായ മിഥുൻ, അനീഷ്, സോനാമോൾ എന്നിവരെ തിങ്കളാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.