നടൻ ആശിഷ് വിദ്യാർത്ഥി വിവാഹിതനായി. അസം സ്വദേശിനിയായ രൂപാലി ബറുവയെയാണ് ലളിതമായ ചടങ്ങിൽ ആശിഷ് വിദ്യാർത്ഥി വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്. രജിസ്റ്റർ വിവാഹത്തിന് ശേഷമായിരുന്നു മറ്റു ചടങ്ങുകൾ. കേരള ശൈലിയിൽ പുടവ നൽകിയാണ് വിവാഹചടങ്ങുകൾ പൂർത്തിയാക്കിയത്.
തലശ്ശേരി സ്വദേശിയായ ആശിഷ് വിദ്യാർത്ഥിയുടേയും ബംഗാളിയായ റീബ ചന്ദോപാധ്യായയുടേയും മകനായി 1962 ജൂണിൽ ഡൽഹിയിലാണ് ആശിഷ് വിദ്യാർത്ഥി ജനിച്ചത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം മുംബൈയിലെത്തിയ ആശിഷ് സർദാർ വല്ലഭായ് പട്ടേലിൻ്റെ ജീവിതം അടിസ്ഥാനമാക്കിയ സർദാർ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.
നിലവിൽ പതിനൊന്ന് ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആശിഷിൻ്റെ രണ്ടാം വിവാഹമാണിത്. മുൻകാല നടി ശകുന്തള ബറുവയുടെ മകൾ രാജോഷി ബറുവയായിരുന്നു നടൻ്റെ ആദ്യഭാര്യ. ഇവർ പിന്നീട് വേർപിരിഞ്ഞിരുന്നു. പാതിമലയാളിയായ ആശിഷ് വിദ്യാർത്ഥി സിഐഡി മൂസയടക്കമുള്ള സിനിമകളിലൂടെ മലയാളികൾക്ക് പരിചിതനാണ്. മുംബൈയിലാണ് താരം പതിറ്റാണ്ടുകളായി താമസിക്കുന്നത്. അദ്ദേഹത്തിൻ്റെ യൂട്യൂബ് ചാനലും ശ്രദ്ധേയമാണ്. കൊൽക്കത്തയിൽ ഒരു ഫാഷൻ സ്റ്റോർ നടത്തി വരികയാണ് രൂപാലി ബറുവ.
ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. രാവിലെ നിയമപ്രകാരം ഞങ്ങൾ രജിസ്റ്റർ വിവാഹം നടത്തി. തുടർന്ന് അടുത്ത സുഹൃത്തുകളും ബന്ധുക്കളുമായി ഒരു ചടങ്ങ് കൂടിയുണ്ടായിരുന്നു. കുറച്ചു കാലം മുൻപാണ് ഞാനും രുപാലിയും കണ്ടുമുട്ടിയത്. വിവാഹം ഒരു ചെറിയ ചടങ്ങായിരിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. – ടൈംസ് ഓഫ് ഇന്ത്യയോടായി ആശിഷ് വിദ്യാർത്ഥി പറഞ്ഞു.