അബുദാബിയില്‍ നടക്കുന്ന രാജ്യാന്തര പ്രതിരോധ, നാവിക പ്രദര്‍ശനത്തില്‍ കോടികളുടെ കരാര്‍ ഒപ്പുവെച്ചതായി റിപ്പോട്ട്. രാജ്യാന്തര പ്രാദേശിക കമ്പനികള്‍ ഉള്‍പ്പടെ 814 കോടി ദിര്‍ഹത്തിൻ്റെ കരാറുകളാണ് ഒപ്പു വെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. 760 കോടി ദിര്‍ഹത്തിൻ്റെ എട്ട് കരാറുകളില്‍ ഒപ്പു വെച്ചതായി തവാസുന്‍ കൌണ്‍സിലിൻ്റെ ഔദ്യോഗിക വക്താവായ സയീദ് അല്‍ മെറൈഖി അറിയിച്ചു. ഇതിന് പുറമേ 713 കോടി ദിര്‍ഹത്തിൻ്റെ 3 കരാറുകള്‍ യു എ ഇ കമ്പനിയായ എഡ്ജ് ഗ്രൂപ്പ് ഒപ്പ് വെച്ചിട്ടുണ്ട്. യുഎഇ സായുധ സേനയുമായി 4.7 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള കരാറും ഒപ്പ് വെച്ചിട്ടുണ്ട്. ഇവയുള്‍പ്പെടെ ആകെ 1264 കോടി ദിര്‍ഹത്തിൻ്റെ ഇടപാടുകള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിരോധ നാവിക രംഗത്തെ സുരക്ഷാ ഉറപ്പ് വരുത്തുന്നതിനായുള്ള ഉപകരണങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചൊവ്വാഴ്ച്ച മുതല്‍ വെള്ളിയാഴ്ച്ച വരെയാണ് പ്രദര്‍ശനം നടക്കുന്നത്. അത്യാധുനിക രീതിയിലുള്ള യുദ്ധക്കപ്പലുകള്‍, ഏറ്റവും പുതിയ പോര്‍ വിമാനങ്ങള്‍, ഡ്രോണുകള്‍, തോക്കുകള്‍ ഉള്‍പ്പടെ പ്രദര്‍ശനത്തിനുണ്ടാവും. ഇതിനെ പുറമേ യു എ ഇ, ബഹ്റൈന്‍, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്.
പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ,അബുദാബി എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അംഗവും എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവരും മേളയില്‍ സന്ദര്‍ശനം നടത്തി.