താരദമ്പതികളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റെയും മകൾ ആരാധ്യ ബച്ചനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നിയമനടപടി. ആരാധ്യ ബച്ചന്‍റെ ആരോഗ്യനില സംബന്ധിച്ച് ഒൻപത് യൂട്യൂബ് ചാനലുകൾ പ്രചരിപ്പിച്ച വീഡിയോകൾ അടിയന്തിരമായി പിൻവലിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത കുട്ടിയെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് തടയാനാണ് കുടുംബം നിയമനടപടി സ്വീകരിച്ചത്
ബച്ചൻ കുടുംബത്തെ കുറിച്ചുള്ള വാർത്തയാകുമ്പോൾ കൂടുതൽ പേരിലേക്ക് വാർത്തയെത്തുമെന്നും ഇതിലൂടെ വരുമാനമുണ്ടാക്കുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുടുംബം ഹർജിയിൽ ആരോപിച്ചു. ഇത്തരം വാർത്തകളിലൂടെ കുട്ടിയുടെ അവകാശങ്ങളാണ് ഹനിക്കപ്പെടുന്നത്. ആരാധ്യയോടൊപ്പം തന്നെ ബച്ചൻ കുടുംബത്തിന്റെ അവകാശങ്ങളും ഹനിക്കപ്പെടുന്നുവെന്നും ഹർജിയിൽ ഉന്നയിച്ചു
ആരാധ്യക്കെതിരെ വ്യാജവാർത്ത നൽകിയ ഒൻപത് യൂട്യൂബ് ചാനലുകൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ചാനലുകളുടെ ഉള്ളടക്കം സംബന്ധിച്ച വിവരം ഹർജിക്കാർക്ക് കൈമാറാനും കോടതി നിർദേശം നൽകി. ഗൂഗിളിനാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
മാതാപിതാക്കളോടൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറുള്ള ആരാധ്യ ബച്ചന് നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ പരിഹാസമേൽക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെതിരെ കുടുംബം ഇതിന് മുൻപും പ്രതികരിച്ചിട്ടുണ്ട്. മകൾക്കെതിരായ വ്യാജവാർത്തയിൽ കടുത്ത മാനസിക വിഷമമുണ്ടെന്നാണ് ഇക്കാര്യത്തിൽ കുടുംബം പ്രതികരിച്ചത്