കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ വ്യൂ പോയിന്റില്‍ കാഴ്ച കാണാനെത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദനന്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്ത്മാട് വ്യൂ പോയിന്റില്‍ നിന്നും അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
വീഴ്ചയിൽ യുവാവിൻ്റെ കഴുത്തിൽ മരത്തിൻ്റെ കൊമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.
വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്. അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. അപകടം സംബന്ധിച്ച് കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.




