വാഷിങ് മെഷീനില്‍ കുടുങ്ങി അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഈജിപ്തിലെ കെയ്‌റോയ്ക്ക് സമീപമുള്ള ഗിസയിലാണ് സംഭവം. കുട്ടി അബദ്ധത്തില്‍ വാഷിങ് മെഷീനിനുള്ളിൽ വീണതാകാമെന്നാണ് റിപ്പോർട്ട്. വാഷിങ് മെഷീന്‍ ഓണ്‍ ആക്കിയ ശേഷം കുട്ടിയുടെ മാതാവ് മറ്റ് വീട്ടുജോലികൾ ചെയ്യുകയായിരുന്നു. ഈ സമയത്താണ് കുട്ടി മെഷീനിൽ വീണതെന്നാണ് അന്വേഷണ റിപ്പോർട്ട്.
കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമായതോടെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുമതി നല്‍കി. അതേസമയം ഈജിപ്തില്‍ കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടുവയസ്സുകാരൻ മരിച്ചിരുന്നു. കുട്ടിയുടെ 13 വയസ്സുള്ള സഹോദരൻ കുട്ടിയെ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അഞ്ചു വയസ്സുകാരിയുടെ ദാരുണ മരണവും സംഭവിച്ചത്.