ആയുസ്സിന്റെ പകുതിയും കുടുംബത്തിന് വേണ്ടി അന്യ നാട്ടിൽ ജോലി ചെയ്ത് ജീവിതം ഹോമിക്കുന്നവരാണ് പ്രവാസികൾ. സ്വന്തം കുടുംബത്തിനായി മരുഭൂമിയിൽ ചെലവിട്ട പ്രവാസിയോട് മരണശേഷം അതേ കുടുംബം കാണിച്ച ക്രൂരതയാണ് പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 62 ആമത്തെ വയസ്സിൽ പ്രവാസിയായി മരണപ്പെട്ട ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിത സത്യമാണ് ഇതിലൂടെ പുറത്ത് വരുന്നത്.
അയാളുടെ മൃതദേഹം കെട്ടിയൊരുക്കി ഇങ്ങോട്ട് വിടേണ്ടെന്ന ഭാര്യയുടെയും രണ്ടു മക്കളുടെയും മറുപടി കേട്ട് അഷ്റഫ് താമരശേരി പകച്ചു പോയി. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ മൃതദേഹത്തെ ഭൂമിയിൽ മറവുചെയ്യേണ്ട കടമ കുടുംബത്തിന്റെതാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുകയും ചെയ്യും. അയാൾ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങൾ കൊണ്ട് നാട്ടിലേക്കുള്ള യാത്ര നീട്ടി വയ്ക്കേണ്ടി വന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്തു. കിട്ടുന്നതിൽ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി പണം എത്തിച്ചു. മനോഹരമായ വീട് നിർമിച്ചു. ഇത് അയാളെ വീണ്ടും വീണ്ടും കടത്തിലാഴ്ത്തി. രാവും പകലും പണിയെടുത്ത് ആ പാവം കുഴങ്ങിയിരുന്നു. അഷ്‌റഫിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഇന്നലെ കഠിനമായ ആ പ്രവാസി ജീവിതത്തിൽ നിന്നും അയാൾ മരണത്തിലൂടെ വിടവാങ്ങി. എന്നാൽ പതിവുപോലെ അയാളുടെ കുടുംബത്തെ വിളിച്ച് മരണവിവരം ധരിപ്പിച്ചപ്പോൾ ഭാര്യയും മക്കളും പറഞ്ഞത് മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നാണ്. പരേതരോടൊപ്പമുള്ള ജീവിതയാത്രയിൽ ഇത്തരമൊരു അനുഭവം ആദ്യമായാണ്. ഇത് ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു. ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നപ്പോഴും കടമ നിർവ്വഹിച്ചേ മതിയാവൂ എന്ന് തോന്നി. അയാളുടെ നാട്ടിലെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും അവരെ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. എന്നാൽ മൃതദേഹം തങ്ങൾക്ക് വേണ്ടെന്ന് ഭാര്യ സ്റ്റേഷനിൽ എഴുതി ഒപ്പിട്ടുകൊടുക്കുകയാണ് ചെയ്തത്.
തന്റെ സൃഷ്ടികളിൽ കരുണയുള്ളവനായതുകൊണ്ട് തന്നെ അയാൾക്കുവേണ്ടി നന്മയുള്ള ചിലരെയെങ്കിലും നാട്ടിൽ ഒരുക്കിനിർത്താൻ ദൈവം മറന്നിരുന്നില്ല. ഭാര്യ നിഷേധിച്ച ഭർത്താവിന്റെ ആ ദേഹത്തെ അവസാനം അയാളുടെ സഹോദരിയുടെ മക്കൾ ഏറ്റെടുക്കാൻ തയ്യാറായി. മരണത്തോടെ അവശേഷിക്കുന്ന ശരീരത്തോട് ഒരാളും ഇത്തരമൊരു അനാദരവ് കാട്ടരുത്.ഏത് ജീവിയുടേതായാലും. എങ്കിലേ മനുഷ്യനെന്ന് അഭിമാനിക്കാനാകൂ. എല്ലാവർക്കും ശരീരമുണ്ട്. നാളെ അതിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആർക്കും പറയാനാവില്ല. ഇനി ഒരാൾക്കും ഈ ഗതി വരാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കാം. അഷ്‌റഫ് ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശിയായ അഷ്‌റഫ് 16 വർഷമായി അജ്മാനിലാണ് പ്രവർത്തിക്കുന്നത്. യു.എ.ഇയിൽവെച്ച് മരണപ്പെട്ട രണ്ടായിത്തിലേറെ പ്രവാസികളുടെ മൃതദേഹം അഷ്റഫ് നാട്ടിലെത്തിച്ചിട്ടുണ്ട്. അഷ്റഫിൻെറ ജീവിതത്തെ കുറിച്ച് ‘പരേതർക്കൊരാൾ’ എന്ന പുസ്തകവും പുറത്തിറങ്ങിയിരുന്ന. കൂടാതെ പ്രവാസി ഭാരതീയ സമ്മാനത്തിനും അദ്ദേഹം അർഹനായിട്ടുണ്ട്. ഗൾഫിൽനിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പ്രവാസികൾക്ക് അഷ്‌റഫ് ചെയ്യുന്ന സേവനങ്ങളാണ് പരിഗണിച്ചാണിത്.