സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പോര്‍ച്ചുഗലിന്റെ കളിയില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടാതിരുന്നത് ആരാധകരില്‍ വലിയ അമ്പരപ്പും നിരാശയും ഉണ്ടാക്കിയിരുന്നു. അതേസമയം റൊണാള്‍ഡോയ്ക്ക് പകരക്കാരാനായി ഇറങ്ങിയ റാമോസ് ഹാട്രിക് നേട്ടം സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ റൊണാൾഡോയെ മാറ്റി നിർത്തിയതിന് പിന്നാലെ പോര്‍ച്ചുഗല്‍ മാനേജര്‍ ഫെര്‍ണാണ്ടോ സാന്റോസിന് നേർക്ക് നീളുന്ന വിമർശനങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
അതേസമയം റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഉള്‍പ്പെടാതിരുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് റൊണാള്‍ഡോയുടെ പങ്കാളിയായ ജോര്‍ജിന റോഡ്രിഗസ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനെ മത്സരത്തിന്റെ 90 മിനിറ്റും ആസ്വദിക്കാന്‍ ആരാധകര്‍ക്ക് കഴിയാതിരുന്നത് എന്തൊരു നാണക്കേടാണെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ജോര്‍ജിന ചോദിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ മിന്നും വിജയം സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ജോര്‍ജിനയുടെ പരാമര്‍ശം.
വിജയം നേടിയ പോര്‍ച്ചുഗലിന് അഭിനന്ദനങ്ങള്‍. 11 കളിക്കാരും ദേശീയ ഗാനം ആലപിക്കുമ്പോള്‍ മുതല്‍ എല്ലാ കണ്ണുകളും റൊണാൾഡോയിൽ തന്നെയായിരുന്നു. 90 മിനിറ്റോളം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ ആസ്വദിക്കാനാകാതെ പോയത് എന്തൊരു നാണക്കേടാണ്? എന്നാൽ റൊണാൾഡോ എവിടെയെന്ന് ചോദിക്കുന്നതും താരത്തിന് വേണ്ടി ആര്‍പ്പുവിളിക്കുകയും ചെയ്യുന്നത് ആരാധകര്‍ അവസാനിപ്പിച്ചില്ല. പ്രിയ സുഹൃത്ത് ഫെര്‍ണാണ്ടോയും ദൈവവും ഒത്തൊരുമിച്ച് ഒരുരാത്രി കൂടി ആരാധകരെ പ്രകമ്പനം കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജോര്‍ജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സ്വിറ്റസര്‍ലന്‍ഡിനെതിരെ ഇന്നലെ ആറ് ഗോളുകളാണ് പോര്‍ച്ചുഗല്‍ നേടിയത്.