യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ വിക്ഷേപണം വീണ്ടും നീട്ടി. ഇന്ന് നടക്കേണ്ടിയിരുന്ന വിക്ഷേപണമാണ് സാങ്കേതിക കാരണങ്ങളാൽ നീട്ടിവച്ചത്. ലോഞ്ച് വെഹിക്കിളിന്റെ കൂടുതൽ പരിശോധനകൾക്കും ഡാറ്റ അവലോകനത്തിനും ശേഷം പുതിയ വിക്ഷേപണ തിയതി പ്രഖ്യാപിക്കുമെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു.
നവംബർ 22 ന് ആയിരുന്നു ആദ്യം റോവറിന്റെ വിക്ഷേപണം പ്രഖ്യാപിച്ചിരുന്നത്. പീന്നീട് വിവിധ സാങ്കേതിക പ്രശ്നങ്ങളാൽ നവംബർ 28, നവംബർ 30, തുടർന്ന് ഡിസംബർ 1 എന്നിവയിലേക്ക് മാറ്റിയിരുന്നു. ഇത് നാലാം തവണയാണ് വിക്ഷേപണം മാറ്റിവയ്ക്കുന്നത്
ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും സ്പേസ് എക്സ് ഫാൽക്കണ്‍ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. ജാപ്പനീസ് ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഇസ്‌പേസിന്റെ ഹകുട്ടോ-ആർ മിഷൻ 1 ലാൻഡറിനുള്ളിലാണ് റോവര്‍ സൂക്ഷിക്കുക. 10 കിലോഗ്രാം ഭാരമുളളതാണ് റാഷിദ് റോവർ. വിക്ഷേപണം നടത്തി അഞ്ച് മാസത്തിന് ശേഷം 2023 ഏപ്രിലില്‍ ആണ് റോവർ ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയമായാല്‍ ചന്ദ്രനില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറും.
ചന്ദ്രന്‍റെ പ്ലാസ്മയെക്കുറിച്ച് പഠിക്കുകയും ചന്ദ്രന്‍റെ പൊടി, ചന്ദ്രോപരിതലത്തിലെ ചലനശേഷി, വ്യത്യസ്ത പ്രതലങ്ങൾ എന്നിവകുറിച്ചെല്ലാം കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയെന്നുളളതാണ് റാഷിദ് റോവറിന്‍റെ ദൗത്യം. ദുബായ് ഭരണാധികാരിയായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്‍റെ പേരിലാണ് യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യം. ദൗത്യം വിജയിച്ചാൽ അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമാകും ഇത്.