മേയറുടെ കത്ത് വിവാദത്തിലെ പ്രതിഷേധങ്ങൾ വൻ സംഘർഷത്തിലേക്ക്. തിരുവനന്തപുരം കോർപറേഷന് മുന്നിൽ തുടർച്ചയായ നാലാം ദിവസവും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടരുകയാണ്. യൂത്ത് കോൺഗ്രസ്, മഹിളാ കോണഗ്രസ്, യുവമോർച്ച പ്രവർത്തകരാണ് കോർപറേഷൻ കവാടത്തിൽ പ്രതിഷേധിച്ചത്.
പോലീസും യൂത്ത്കോൺഗ്രസ് പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായത് വൻ സംഘർഷത്തിലാണ് കലാശിച്ചത്. സംഘർഷത്തിൽ ഏതാനും പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടൊപ്പം നടന്ന മഹിളാ കോൺഗ്രസ് മാർച്ചിലും പ്രതിഷേധക്കൊടുങ്കാറ്റുയർന്നു. മാർച്ചിന് നേതൃത്വം നൽകിയ ജെബി മേത്തർ എംപിയെ പോലീസ് തള്ളിവീഴ്ത്തിയതായി പ്രവർത്തകർ ആരോപിച്ചു. വീഴ്ചയിൽ അവർക്ക് പരുക്ക് പറ്റിയതായും പ്രവർത്തകർ പറയുന്നു.
യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ചിന് ഒപ്പം തന്നെ ബിജെപിയുടെ യുവജന വിഭാഗമായ യുവമോർച്ച പ്രവർത്തകരും പ്രതിഷേധത്തിനെത്തി. ഇതോടെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. യുവമോർച്ച പ്രവർത്തകർക്ക് നേരെ ലാത്തിയും വീശി. സമരക്കാരെ പോലീസ് പിന്നീട് ബലം പ്രയോഗിച്ച് കോർപറേഷൻ കോമ്പൗണ്ടിന് പുറത്തേക്ക് നീക്കി. മാരക രാസവസ്തുക്കൾ അടങ്ങിയ കണ്ണീർ വാതകമാണ് പാേലീസ് പ്രവർത്തകർക്ക് നേരെ പ്രയോഗിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മേയർ രാജിവെക്കുംവരെ സമര രംഗത്ത് തുടരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കില്ലെന്നും പ്രതിപക്ഷ സംഘടനകൾക്ക് പ്രതിഷേധം തുടരാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം നിയമന കത്ത് വിഷയത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് നൽകി. സംഭവത്തില്‍ കേസ് എടുത്തോ എന്ന് ചോദിച്ച കോടതി മേയര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും വ്യക്തമാക്കി.