ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കുന്നതിനുള്ള നീക്കവുമായി ഇലോണ്‍ മസ്ക്. മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്സ് ഉപവിഭാഗമായ സ്റ്റാര്‍ലിങ്ക് കമ്മ്യൂണിക്കേഷന്‍സിന്റെ സേവനം ഇന്ത്യയില്‍ ആരംഭിക്കുന്നതിനായാണിത്. ഇതുമായി ബന്ധപ്പെട്ട് ടെലികോം വകുപ്പിന് ലൈസന്‍സിനായുള്ള അപേക്ഷ നൽകിയിട്ടുണ്ട്.
ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) ലൈസന്‍സിന് വേണ്ടിയാണ് മസ്‌ക് അപേക്ഷ നൽകിയിരിക്കുന്നത്. സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പാണ് നിയമങ്ങൾക്കനുസൃതമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ആഗോള കമ്പനികൾ ഇന്ത്യൻ ബഹിരാകാശത്തിൽ താൽപ്പര്യം കാണിക്കുന്നുണ്ടെന്നും സ്‌പേസ് എക്സ് അതിലൊന്നാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ബഹിരാകാശ വിക്ഷേപണ സേവനങ്ങളുടെ ലോകത്തെ മുൻനിര ദാതാക്കളും ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയുമാണ് സ്പേസ് എക്സ്.
ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള വൺവെബും റിലയൻസ് ജിയോ ഇൻഫോകോമിന്റെ ഉപഗ്രഹ വിഭാഗവും ഇതിനോടകം ലൈസൻസിന് അപേക്ഷ നൽകിയിട്ടുണ്ട്. ലൈസൻസിന് അപേക്ഷിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്‌പേസ് എക്സ്. മനുഷ്യനുള്ള എല്ലാ ബഹിരാകാശ ദൗത്യങ്ങളുടെയും ക്രൂവിനെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച ഒരേയൊരു കമ്പനിയെന്ന ബഹുമതിയും സ്പേസ് എക്സിനുണ്ട്.
രാജ്യത്ത് സേവനം ആരംഭിക്കണമെങ്കില്‍ ഐഎസ്ആര്‍ഒയുടെ ഉള്‍പ്പടെ ലൈസന്‍സ് ആവശ്യമാണ്. അതുകൊണ്ട് തന്നെ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് ആരംഭിക്കുന്നതിനാവശ്യമുള്ള ലൈസന്‍സുകളിലെ ഒരെണ്ണം മാത്രമാണിത്. മാത്രമല്ല ഇത്തരം കമ്പനികള്‍ സാറ്റലൈറ്റില്‍ നിന്നും ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്കിലേക്ക് ഡാറ്റ നല്‍കുന്നതിനായി ഗ്രൗണ്ട് സ്റ്റേഷനുകളും സജ്ജീകരിച്ചിരിക്കണം.
അതേസമയം രാജ്യത്തെ സ്പെയ്സ് ഇന്റര്‍നെറ്റ് മേഖലയില്‍ സ്റ്റാര്‍ലിങ്ക്, എയര്‍ടെല്‍, ജിയോ എന്നിവയ്ക്ക് പുറമേ ആമസോണ്‍ പോലുള്ള കമ്പനികളും ലൈസന്‍സ് നേടുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. 2025 നോടകം രാജ്യത്തെ സ്പെയ്സ് ഇന്റര്‍നെറ്റ് വിപണി 13 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ളതായേക്കുമെന്ന് ഇവൈ-ഐഎസ്പിഎ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.