കോടിയേരിയെ ഒരു നോക്ക് കാണുന്നതിന് ആയിരങ്ങളാണ് കണ്ണൂരിലേക്ക് ഒഴുകിയെത്തുന്നത്. ഇന്ന് 10 മണി മുതൽ മാടപ്പീടികയിൽ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദർശനമുണ്ടാകും. ആദരസൂചകമായി ഇന്ന് തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കും.
ഇന്നലെ പകൽ മൂന്നോടെ വിലാപയാത്രയായി തലശേരി ടൗൺ ഹാളിലെത്തിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പിബി അംഗം എം എ ബേബി, മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. പിബി അംഗം എ വിജയരാഘവൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, ഡോ. തോമസ് ഐസക്, എ കെ ബാലൻ, കെ രാധാകൃഷ്ണൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു. ടൗൺ ഹാൾ മുറ്റത്ത് ഐജി ടി വിക്രമിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. രാത്രിയോടെ കോടിയേരി ഈങ്ങയിൽപീടികയിലെ വീട്ടിലേക്ക് മൃതദേഹം മാറ്റി.
ഇന്ന് മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്. വിപ്ലവ സ്മരണകൾ ഇരമ്പുന്നിടമാണ് പയ്യാമ്പലം. അവിടെ ബീച്ചിൽ മണൽപരപ്പിനോട് ചേർന്നുള്ള സ്മൃതി കുടീരങ്ങളിൽ എകെജി, അഴീക്കോടൻ രാഘവൻ തുടങ്ങിയ ഇടതു നേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. അതിനോട് ചേർന്നാണ് കോടിയേരി ബാലകൃഷ്ണനെയും സംസ്കരിക്കുക. സി പി ഐ എം സംസ്ഥാന സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദനും ഇ. കെ നായനാർക്കുമിടയിലാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമമൊരുക്കുക.