കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അന്മഹദ് നവാഫ് അൽ അന്മഹദ് അസ്സബാഹ് ഐക്യരാഷ്ട്രസഭ സെക്രട്ടറി അന്റോണിയോ ഗുട്ടറസുമായി കൂടിക്കാഴ്ച്ച നടത്തി. യു എന്നിന്റെ 77ആമത് ജനറൽ അസംബ്ലി യോഗത്തോടാനുബന്ധിച്ച് അമീർ ഷെയ്ഖ് നവാഫ് അൽ അന്മഹദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായാണ് പ്രധാനമന്ത്രി യു എൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇരുവരുടേയും ആശംസകളും യു എന്നിന് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും ഗുട്ടറസിനെ അറിയിച്ചു.
ലോകം കടന്നു പോകുന്ന അസാധാരണമായ സാഹചര്യങ്ങളെയും വെല്ലുവിളികളെയുമൊക്കെ നേരിടാൻ യു എന്നുമായി ഏകോപിപ്പിക്കുന്നതിന് ആഹ്വാനം ചെയ്യുന്ന ഇത്തരം യോഗങ്ങൾ പ്രാധാന്യമർഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ പദ്ധതികളെയും പരിപാടികളെയും കുവൈറ്റ് സജീവമായി പിന്തുണയ്ക്കുന്നുണ്ട്. അതേസമയം ദുരന്തങ്ങളെയും പ്രതിസന്ധികളെയും നേരിടുന്നതിനുള്ള ശ്രമങ്ങൾക്കും വലിയ സംഭാവനകൾ കുവൈറ്റ് നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ദിവാൻ അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖാലിദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ഹമദ് അൽ അമീർ, യു എന്നിന്റെ കുവൈറ്റ് സ്ഥിരം പ്രതിനിധി താരിഖ് അൽ ബന്നായി എന്നിവരും യോഗത്തിൽ പങ്കെടുത്തു.