കേരള നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിലേക്ക് യു ഡി എഫിന്റെ സ്ഥാനാർഥിയായി അൻവർ സാദത്ത് എം എൽ എ മത്സരിക്കും. ഷാഫി പറമ്പിൽ എം എൽ എ, രാജ്യ സഭാഗം ജെബി മേത്തർ, നജീബ് കാന്തപുരം എന്നിവരുടെ സാന്നിധ്യത്തിൽ അൻവർ സാദത്ത് നിയമസഭാ സെക്രട്ടറിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു.
സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിയായപ്പോൾ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായി എ എൻ ഷംസീർ ആയിരിക്കും മത്സരിക്കുക. അതേസമയം സ്പീക്കർ തിരഞ്ഞെടുപ്പിന് മാത്രമായാണ് തിങ്കളാഴ്ച സഭ കൂടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിയമസഭയിലെ ഭൂരിപക്ഷം അനുസരിച്ച് ഷംസീർ വിജയിക്കും. ഞായറാഴ്ച രാവിലെ 11 മണിവരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി. ഡെപ്യൂട്ടി സ്പീക്കറായ ചിറ്റയം ഗോപകുമാർ ആയിരിക്കും തിരഞ്ഞെടുപ്പ് നിയന്ത്രിക്കുക.