എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് പുതിയ ബ്രിട്ടീഷ് രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു. സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ പെരുമ്പറകളുടെ അകമ്പടിക്കിടയിലായിരുന്നു പ്രഖ്യാപനം. തുടർന്ന് ലണ്ടനിൽ പ്രിവി കൗൺസിലിന് മുന്നിൽ ചാൾസ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചാൾസിന്റെ ഭാര്യ കാമില്ല സാക്ഷിയായി ഒപ്പിട്ടു. രാജാവായി പ്രഖ്യാപിക്കപ്പെട്ടതോടെ കിംഗ് ചാൾസ് മൂന്നാമൻ എന്നാകും ഇനി അദ്ദേഹം അറിയപ്പെടുക.
സ്നേഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രതീകമായിരുന്നു എലിസബത്ത് രാജ്ഞി. അമ്മയുടെ ശൈലി പിന്തുടരുമെന്നും ചാൾസ് മൂന്നാമൻ രാജാവ് പ്രഖ്യാപിച്ചു. ഭാര്യ കാമില്ലയുടെ അകൈതവമായ പിന്തുണയ്ക്ക് ചാൾസ് നന്ദിയും അറിയിച്ചു. രാജാവായി ചുമതലയേറ്റതിന് പിന്നാലെ അക്സെഷൻ കൗൺസിലിന് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
700 ഓളം പേർ ചടങ്ങിൽ പങ്കെടുത്ത ചടങ്ങിലാണ് ചാൾസിന്റെ സ്ഥാനാരോഹണം നടന്നത്. ബ്രിട്ടീഷ് പാർലമെന്റ് ചേർന്ന് എംപിമാർ പിന്തുണ അറിയിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. ഞായറാഴ്ച ചാൾസ് രാജാവും ക്വീൻസ് കൺസോർട്ട് കാമിലയും ഹോളിറൂഡിലെ വസതിയിലെത്തി 21 തോക്കുകളുടെ റോയൽ സല്യൂട്ട് ഏറ്റുവാങ്ങും.
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചാൾസ് നേരത്തെ തന്നെ രാജ ചുമതലകൾ ഏറ്റെടുത്തിരുന്നു. ചാൾസ് രാജാവായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ, താഴ്ത്തിക്കെട്ടിയ ബ്രിട്ടീഷ് പതാക വീണ്ടും ഉയർത്തി. നാളെ പതാക വീണ്ടും താഴ്ത്തി കെട്ടും. എലിസബത്ത് റാണിയുടെ മരണത്തോടെയാണ് പതാക താഴ്ത്തി കെട്ടിയിരുന്നത്.