തെഹ്റാൻ: അമേരിക്ക – ഇസ്രായേൽ സംയുക്താക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിൻ്റെ ഭരണം മൂന്നംഗ സമിതിക്ക് കൈമാറി. ഇറാൻ പ്രസിഡന്റും ജുഡീഷ്യറി മേധാവിയും ഗാര്‍ഡിയന്‍ കൗണ്‍സിലിലെ നിയമജ്ഞരില്‍ ഒരാളുമാണ് സമിതി അംഗങ്ങള്‍. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെയാവും ഈ സമിതി ഭരണചുമതല നിർവഹിക്കുക.
1989 മുതല്‍ ഇറാന്റെ പരമോന്നത പദവി വഹിച്ചിരുന്ന ആയത്തുല്ല അലി ഖമേനി രാജ്യത്തെ ഇസ്ലാമിക വിപ്ലവത്തില്‍ മുഖ്യപങ്കുവഹിച്ച നേതാക്കളിലൊരാളാണ്. 1979ലെ ഇസ്ലാമിക് റെവല്യൂഷന് ശേഷം ഇറാന്റെ ചരിത്രത്തിലെ രണ്ടാമത്തെ നേതൃമാറ്റമാണ് ഖമേനിയുടെ മരണത്തോടെ സംഭവിക്കുന്നത്.
ഇറാന്റെ ഭരണഘടന പ്രകാരം, രാഷ്ട്ര വിദഗ്ധരുടെ കൂടിക്കാഴ്ചയിലൂടെ മാത്രമേ രാജ്യത്തെ പരമോന്നത നേതാവിനെ നിയമിക്കാനാകുകയുള്ളൂ. ഈ വിദഗ്ധ സമിതിയില്‍ 88 അംഗങ്ങളാണുണ്ടാകുക. നിലവിലെ യുദ്ധസാഹചര്യത്തിൽ ഇങ്ങനെയൊരു കൂടിക്കാഴ്ച എപ്പോൾ നടക്കും എന്നതിൽ വ്യക്തതയില്ല.




