തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂരിലെ രണ്ട് സീറ്റുകൾ വച്ചുമാറാൻ കോൺഗ്രസും മുസ്ലീംലീഗും തമ്മിൽ ധാരണയായി. ചേലക്കരയും കോങ്ങാടുമാണ് പരസ്പരം വച്ചുമാറുക. ഇന്നലെ കുന്നംകുളത്ത് വച്ച് കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര ഇന്നലെ തൃശൂരിലെ കുന്നംകുളത്ത് എത്തിയപ്പോൾ ആണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളുമായുള്ള ചർച്ച നടന്നത്. കോങ്ങാട് മണ്ഡലത്തിൽ മുസ്ലീം ലീഗിനായി യുസി രാമനാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്. കോൺഗ്രസിന് സീറ്റ് കിട്ടിയാൽ പാലക്കാട് എം.പി വികെ ശ്രീകണ്ഠൻ്റെ ഭാര്യ കെഎ തുളസിയെ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്. നേരത്തെ, ഒറ്റപ്പാലത്ത് നിന്നും ചേലക്കരയിൽ നിന്നും കെഎ തുളസി മത്സരിച്ചിരുന്നു. ചേലക്കരയിൽ കെ രാധാകൃഷ്ണനോട് തുളസി പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇടവേളയ്ക്ക് ശേഷം തുളസി വീണ്ടും മത്സരരംഗത്തേക്കെത്തുകയാണ്.
അതേസമയം, ചേലക്കരയിൽ ലീഗ് സീറ്റിൽ ആര് മത്സരിക്കുമെന്ന ആശയക്കുഴപ്പം ലീഗിനുണ്ട്. ജില്ലയിൽ നിന്നുള്ള സ്ഥാനാർത്ഥിയെയാണ് ലീഗ് തിരയുന്നത്. നേരത്തെ, ലീഗ് അഖിലേന്ത്യ സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിക്കാൻ ചർച്ച നടന്നെങ്കിലും സംവരണ മണ്ഡലമായതിനാൽ സാധ്യതയില്ലെന്നാണ് വിവരം. നിലവിൽ എൽഡിഎഫിന് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ അട്ടിമറിയുണ്ടാക്കാൻ ലീഗിന് കഴിയുമോ എന്നതാണ് ആകാംക്ഷ.




