ദുബായ്: യുഎഇയിലുടനീളം അസ്ഥിരമായ കാലാവസ്ഥ തുടരുന്നു. ഇടവേളയില്ലാതെ പെയ്ത കനത്ത മഴ മൂലം യുഎഇയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നിരവധി വാഹനങ്ങൾ വെള്ളത്തിലായി. പലയിടത്തും ഗതാഗതത്തേയും മഴ ബാധിച്ചു.
വെള്ളിയാഴ്ച രാവിലെ 10:30 വരെ കൂടുതൽ മഴ ലഭിക്കുമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുബായിയുടെ പല ഭാഗങ്ങളിലും രാത്രി പെയ്ത മഴയെത്തുടർന്ന് തെരുവുകളിൽ വെള്ളം കയറി. ദുബായിൽ നിന്ന് അജ്മാനിലേക്കും ഷാർജയിലേക്കുമുള്ള ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. സ്കൂളുകൾ ഔട്ട്ഡോർ അല്ലെങ്കിൽ ക്യാമ്പസിന് പുറത്തുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി. അബുദാബിയിൽ വൈദ്യുതി – ഇൻ്റർനെറ്റ് സേവനങ്ങളെയും മഴ ബാധിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ടാക്സി ഡ്രൈവർമാർ പലരും സർവ്വീസുകൾ നിർത്തി സുരക്ഷിത സ്ഥാനത്തേക്ക് വാഹനങ്ങൾ മാറ്റി. ഇന്നലെ രാത്രിയിലെ കനത്ത മഴയെത്തുടർന്ന് ചില റോഡുകൾ അധികൃതർ ഇടപെട്ട് അടച്ചു.ഷെയ്ഖ് സായിദ് റോഡിൽ, ജുമൈറയിലേക്കുള്ള എക്സിറ്റ് 50 ഉം 51 ഉം, ആദ്യത്തെ ഇന്റർചേഞ്ചിനടുത്തുള്ള ദുബായ് മാളും ദുബായ് പോലീസ് തടഞ്ഞു. ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള ചില സർവ്വീസുകളും മഴ കാരണം വൈകുന്ന സ്ഥിതിയുണ്ടായി.




