കൊച്ചി: ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ്സ് വിമാനം കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. 160 യാത്രക്കാരുമായി വന്ന വിമാനമാണ് ലാൻഡിംഗ് ഗിയറിലെ തകരാർ മൂലം അടിയന്തരമായി നിലത്തിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി.
യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായാണ് വിവരങ്ങൾ. വിമാനത്തിന്റെ ലാൻഡിങ്ങിനായി കൊച്ചി വിമാനത്താവളം സജ്ജമായിരുന്നു.
ഇന്ന് പുലർച്ചെ 1.15നാണ് വിമാനം ജിദ്ദയിൽ നിന്നും പുറപ്പെട്ടത്. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വലിയ കുലുക്കവും വിമാനത്തിനുള്ളിൽ അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു. എന്നാൽ ഇതേക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചില്ല. പിന്നീട് കൊച്ചിയിൽ ഇറങ്ങുന്നതിന് പത്ത് മിനിറ്റ് മുൻപ് മാത്രമാണ് കരിപ്പൂരിൽ അല്ല സാങ്കേതിക പ്രശ്നങ്ങൾ കാരണം നെടുമ്പാശ്ശേരിയിൽ ആണ് ലാൻഡ് ചെയ്യുന്നത് പൈലറ്റ് യാത്രക്കാരെ അറിയിച്ചത്.
വിമാനം ലാൻഡ് ചെയ്യുമ്പോൾ സകല സന്നാഹങ്ങളുമായി സിയാൽ അധികൃതരും സജ്ജമായിരുന്നു. ലാൻഡ് ചെയ്ത വിമാനം റൺവേയുടെ മറുവശത്തേക്ക് മാറ്റി അവിടെ നിന്നുമാണ് യാത്രക്കാരെ ടെർമിനലിലേക്ക് എത്തിച്ചത്. കോഴിക്കോട്ടേക്ക് റോഡ് മാർഗം പോകണമെന്നാണ് യാത്രക്കാരോട് എയർഇന്ത്യ എക്സ്പ്രസ്സ് ആവശ്യപ്പെട്ടത്. ഇതേ ചൊല്ലി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്.




