മലപ്പുറം: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ത്രീകൾക്ക് നേരെ മോശം പ്രസ്താവന നടത്തിയ സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെ കേസെടുത്തു. വനിതാ ലീഗ് പ്രവർത്തക ബി കെ ജമീല നൽകിയ പരാതിയിലാണ് കേസ് എടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
സെയ്ദലി മജീദിൻ്റെ വിവാദ പ്രസ്താവന ഇങ്ങനെ –
‘വനിതാ ലീഗിനെ വരെ നിങ്ങൾ ഇറക്കി. വനിതാ ലീഗ് എല്ലാം എവിടെ പോയി. വനിതാ ലീഗിന്റെ ഒരു വ്യക്തി ഇന്നലെ ഒരു വീഡിയോ ഇറക്കിയിരിക്കുന്നു. വനിതാ ലീഗിനെ പറയാൻ പാടില്ലത്രേ. ജമീല താത്തയും കൂട്ടരും വനിതാ ലീഗിനെ പറയാൻ പാടില്ലെന്ന് പറഞ്ഞു. ജമീല താത്താ, പറയാനുള്ളത് ജമീല താത്താനെ മാത്രമല്ല പാണക്കാട്ടെ തങ്ങന്മാരെവരെ പറഞ്ഞിട്ടുണ്ട്. അതൊക്കെ കേൾക്കാൻ ആണത്തവും ഉളുപ്പും ഉണ്ടെങ്കിൽ മാത്രം ഈ പരിപാടിക്ക് ഇറങ്ങിയാൽ മതി. അല്ലെങ്കിൽ വീട്ടമ്മയായിട്ട് വീട്ടിൽ ഇരിക്കാൻ സാധിക്കണം. അതാണ് വേണ്ടത്. സയ്യിദ് മജീദിനെയും പ്രവർത്തകരെയും തോൽപ്പിക്കാൻ വേണ്ടിവന്നാൽ അതല്ല, അതിന്റെ അപ്പുറത്തേതും ഞങ്ങൾ വിളിച്ചുപറയും. കേസ് അല്ലേ, കേസ് കൊടുത്താൽ ഞങ്ങൾക്കറിയാം കേസ് എങ്ങനെ നേരിടണമെന്ന്.
ഞങ്ങളൊക്കെ കല്യാണം കഴിച്ചിട്ടുണ്ട്. ഞങ്ങൾക്കും അറിയാം. നിങ്ങൾ 20 പേരെ ഇറക്കിയിട്ടുണ്ടെങ്കിൽ 22 പേരെ അല്ല, 200 പേരെ ഇറക്കാൻ ഞങ്ങളുടെ വീട്ടിലും ഞങ്ങളെല്ലാം കല്യാണം കഴിച്ചുകൊണ്ടുവന്ന പെൺകുട്ടികളുണ്ട്. കല്യാണം കഴിക്കുമ്പോൾ തറവാട് നോക്കുന്നത് എന്തിനാണെന്ന് അറിയാമോ. ഇത്തരം കാര്യങ്ങൾക്കാണ് തറവാട് നോക്കുന്നത്. അന്യ ആണുങ്ങളുടെ മുന്നിൽപോയി, നിസ്സാര ഒരു വോട്ടിന് വേണ്ടി, വാർഡ് പിടിച്ചെടുക്കുന്നതിന് വേണ്ടി അന്യ കുടുംബത്തിൽനിന്ന് കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ കൊണ്ടുവന്ന് മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവെക്കാനുള്ളതല്ല എന്ന് ഓർമപ്പെടുത്തുകയാണ്. ഞങ്ങളൊക്കെ മക്കളെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങൾക്കൊക്കെ പ്രായപൂർത്തിയായ മക്കൾ വീട്ടിലുണ്ട്. അവരുടെ ഭാര്യമാരുണ്ട്. അവരൊക്കെ അവരുടെ ഭർത്താക്കൻമാരുടെ കൂടെ അന്തിയുറങ്ങുകയാണ്.
പ്രസംഗം വിവാദമായതോടെ ഇന്നലെ സെയ്ദലി മജീദ് ഖേദപ്രകടനം നടത്തിയിരുന്നു. സിപിഎം നേതൃത്വം ഇടപെട്ട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു. – വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ നടത്തിയ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് പരിധി കടന്നതെന്നും സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താനെന്നുമാണ് സെയ്ദലി മജീദ് പറഞ്ഞത്.




