മുംബൈ: രൂപയുടെ മൂല്യത്തിൽ ഇടിവ് തുടരുന്നു. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 90.71 രൂപ എന്ന നിലയിലേക്ക് ഇടിഞ്ഞു താഴ്ന്നു. ഇതു സർവ്വകാല റെക്കോർഡ് തകർച്ചയാണ്. ഒരു ഡോളറിന് 90 രൂപ 55 പൈസ എന്ന ഡിസംബർ 12ലെ റെക്കോർഡാണ് ഇന്ന് മറികടന്നിരിക്കുന്നത്.
ഇന്നത്തെ വിനിമയത്തിൽ ഇതുവരെ ഒരുതവണ പോലൂം രൂപ തിരിച്ചുവരവിന് ശ്രമിച്ചിട്ടില്ല. ഡോളറിനുള്ള ഉയർന്ന ഡിമാൻഡും ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ കാലതാമസവുമാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി അവിടെ രൂപയുടെ മൂല്യത്തിൽ ഇടിവ് തുടരുകയാണ്. വലിയ തോതിൽ വിദേശനിക്ഷേപം ഇന്ത്യൻ മാർക്കറ്റിൽ നിന്നും പിൻവലിക്കപ്പെട്ടതും രൂപയെ സമ്മർദ്ദത്തിലാക്കി. ഇന്ത്യയുടെ വർധിച്ചു വരുന്ന വ്യാപാര കമ്മിയും തിരിച്ചടിയായി.
ഈ വർഷം മാത്രം, ഡോളറിനെതിരെ കറൻസി 5% ത്തിലധികം ഇടിഞ്ഞു, ആഗോള കറൻസികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറൻസിയായി രൂപ മാറി. ടർക്കിഷ് ലിറയ്ക്കും അർജന്റീനയുടെ പെസോയ്ക്കും പിന്നിലേക്ക് രൂപ എത്തപ്പെട്ടു. ഡോളർ സൂചിക 7% ത്തിലധികം കുറഞ്ഞപ്പോഴും ഈ ഇടിവ് തുടർന്നു എന്നതാണ് ശ്രദ്ധേയം. ഇന്ത്യ – യുഎസ് വ്യാപാരകരാറിൽ തീരുമാനമായാൽ നിലവിലെ പ്രതിസന്ധിയിൽ നിന്നും രൂപ കരകയറിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.




