ചെന്നൈ: ആവശ്യത്തിന് ജനസംഖ്യയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ കോയമ്പത്തൂർ, മധുരെ മെട്രോ പദ്ധതികൾക്ക് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. 2011 ലെ സെൻസസ് പ്രകാരം കോയമ്പത്തൂരിലും മധുരയിലും 20 ലക്ഷം ജനസംഖ്യ ഇല്ലെന്ന് വാദിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത്. അതേസമയം കോയമ്പത്തൂരിനും മധുരെയ്ക്കും അനുമതി നിഷേധിച്ച കേന്ദ്രം ഇതേ നയം തിരുവനന്തപുരം മെട്രോയുടെ കാര്യത്തിലും സ്വീകരിക്കുമോ എന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്.
കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് മെട്രോ പദ്ധതികൾക്ക് അനുമതി നൽകുന്നത്. തമിഴ്നാട് സർക്കാരിന് മന്ത്രാലയം അയച്ച കത്തിൽ 2011 ലെ സെൻസസ് പ്രകാരം കോയമ്പത്തൂർ നഗരത്തിലെ ജനസംഖ്യ 15.84 ലക്ഷമാണെന്നും മധുരയിലേത് 15 ലക്ഷമാണെന്നും പറയുന്നു. മെട്രോ റെയിൽ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് ഒരു നഗരത്തിലെ ജനസംഖ്യ ഇരുപത് ലക്ഷമോ അതിൽ കൂടുതലോ ആയിരിക്കണമെന്നാണ് 2017 ലെ മെട്രോ റെയിൽ നയത്തിൽ പറയുന്നത്.
സംസ്ഥാന സർക്കാർ അംഗീകരിച്ച സമഗ്ര മൊബിലിറ്റി പ്ലാൻ അനുസരിച്ച്, ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ബിആർടിഎസ്) മധുരയ്ക്ക് അനുയോജ്യമാണ്. “മെട്രോ പദ്ധതികൾ ചെലവ് കൂടിയതാണെന്നും ദീർഘകാല സുസ്ഥിരതയ്ക്കായി ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യണമെന്നും ശ്രദ്ധിക്കേണ്ടതാണ്. ഈ നഗരങ്ങൾക്ക്, മറ്റ് ചെലവ് കുറഞ്ഞ നഗര ഗതാഗത സംവിധാനങ്ങൾ – ശക്തമായ ബസ് സംവിധാനവും ബിആർടിഎസും – കൂടുതൽ അനുയോജ്യമാകും,” മന്ത്രാലയം അയച്ച കത്തിൽ പറയുന്നു. “മുകളിൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതിയുടെയും മധുര മെട്രോ റെയിൽ പദ്ധതിയുടെയും ഡിപിആറുകൾ ഇതിനാൽ തിരിച്ചയക്കുന്നു,”.
കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയരുന്നത്. കേന്ദ്രത്തിൻ്റെ തീരുമാനം അങ്ങേയറ്റം നിരാശജനകമാണെന്ന് കൊങ്കു ഗ്ലോബൽ ഫോറം ഡയറക്ടർ ജെ.സതീഷ് പറഞ്ഞു. ന്യൂഡൽഹിയിൽ പ്രതിദിനം 65 ലക്ഷം പേരും ബെംഗളൂരുവിൽ 10 ലക്ഷവും ചെന്നൈയിൽ 3 ലക്ഷവും ആളുകൾ മെട്രോ റെയിൽ ഉപയോഗിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. 2010 ൽ കോയമ്പത്തൂരിനെ മെട്രോ റെയിലിന് അനുയോജ്യമായ നഗരങ്ങളിലൊന്നായി കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞു. “ഇപ്പോൾ, 15 വർഷത്തിനുശേഷം അത് നിരസിക്കപ്പെട്ടു. ഇത് വളരെ നിരാശാജനകവും നിരാശാജനകവുമാണ്,” അദ്ദേഹം പറഞ്ഞു.
2011 ന് ശേഷം രാജ്യത്ത് സെൻസസ് നടത്തിയിട്ടില്ലെന്നും കോയമ്പത്തൂർ ജില്ലയിലെ വോട്ടർ ജനസംഖ്യ തന്നെ 30 ലക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, യഥാർത്ഥ ജനസംഖ്യ കുറഞ്ഞത് 40 ലക്ഷമെങ്കിലും കാണുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. കോയമ്പത്തൂരിന് സമാനമായ നിരവധി ടയർ 2 നഗരങ്ങളിൽ മെട്രോയുണ്ട്. പൊതുഗതാഗതത്തിൽ പത്ത് വർഷം പിന്നോട്ട് പോകുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാവുന്നത്.
ഭോപ്പാലിനും പട്നയ്ക്കും മെട്രോ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായും എന്നാൽ കോയമ്പത്തൂരിനും മധുരെയ്ക്കും പദ്ധതി നിഷേധിച്ചുവെന്നും ഡിഎംകെയിലെ കോയമ്പത്തൂർ എംപി ഗണപതി പി. രാജ്കുമാർ പറഞ്ഞു. അതേസമയം ജനസംഖ്യാ വിശദാംശങ്ങൾ വ്യക്തമാക്കി സംസ്ഥാന സർക്കാരിന് വീണ്ടും കേന്ദ്രത്തെ പ്രതിനിധീകരിക്കാമെന്ന് ബിജെപിയിലെ കോയമ്പത്തൂർ സൗത്ത് എംഎൽഎ വനതി ശ്രീനിവാസൻ പറഞ്ഞു.
മധുരയ്ക്കും കോയമ്പത്തൂരിനുമുള്ള മെട്രോ റെയിൽ പദ്ധതികൾ നിരസിച്ച നടപടി രാഷ്ട്രീയ പക പോകലാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മെട്രോ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകുമ്പോൾ പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മെട്രോ പദ്ധതികൾ അവഗണിക്കപ്പെടുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
ആഗ്ര, അഹമ്മദാബാദ്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കാണ്പൂർ, കൊച്ചി, കൊൽക്കത്ത, ലക്നൌ, മുംബൈ, നാഗ്പൂർ, ബെംഗളൂരു, നവിമുംബൈ, നോയിഡ, പാറ്റ്ന, പൂണെ, ഗുരുഗ്രാം – എന്നിങ്ങനെ 19 ഇന്ത്യന നഗരങ്ഹളിൽ നിലവിൽ മെട്രോ സർവ്വീസുണ്ട്. 353 കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഡൽഹി മെട്രോയാണ് ഇതിലേറ്റവും വലുത്. ഉത്തർപ്രദേശിൽ ആഗ്ര, ലക്നൌ, മീററ്റ്, കാണ്പൂർ, നോയിഡ എന്നിങ്ങനെ അഞ്ച് മെട്രോ ലൈനുകൾ നിലവിലുണ്ട്. ഇതു കൂടാതെ മീററ്റിൽ സംസ്ഥാനത്തെ ആറാമത്തെ മെട്രോയുടെ പണി നടക്കുകയാണ്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലും ഗുജറാത്തിലെ സൂറത്തിലും മെട്രോ നിർമ്മാണത്തിലുണ്ട്.




