തിരുവനന്തുപരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധനയും കർശനയും ശക്തമാക്കി പൊലീസ്. യാത്രക്കാരുടെ സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന ഇടപെടൽ വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരിക്കുന്നത്.
ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട റെയിൽവേ പൊലീസിന് പുറമേ ലോക്കൽ സ്റ്റേഷനുകളിലെ പൊലീസുകാരേയും താത്കാലികമായി റെയിൽവേ ഡ്യൂട്ടിക്കായി നിയോഗിക്കാനാണ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. വർക്കലയിൽ പെൺകുട്ടിയെ യാത്രക്കാരൻ ആക്രമിച്ച് പുറത്തേക്കു തള്ളിയിട്ട പശ്ചാത്തലത്തിലാണ് ഈ നീക്കം.
ട്രെയിനുകളിൽ പ്രത്യേക പരിശോധനയ്ക്ക് പുറമെ പ്ലാറ്റ്‌ഫോമുകളിലും പരിശോധന കർശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാൽ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിർദേശം. യാത്ര മുടങ്ങുമെന്ന് മാത്രമല്ല കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. മദ്യപിച്ച നിലയിൽ കണ്ടെത്തിയാൽ അടുത്ത സ്റ്റേഷനിൽ ഇറക്കി, പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.




