തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘത്തിൻ്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം മോഷ്ടിച്ച കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
അപസ്മാര ബാധിതനാണെന്നും ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞെങ്കിലും വൈദ്യസഹായം ജയിലിൽ ലഭ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.
അതേസമയം ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്ത കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് അടുത്തദിവസം രേഖപ്പെടുത്തും. നവംബർ മൂന്നിന് റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പുറമെ കട്ടിളപാളികളിലെ സ്വർണ കവർച്ചയിൽ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ എസ്.ഐ.ടി ഇന്ന് കോടതിയിൽ നൽകി. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ രണ്ട് കേസുകളിലും പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. സ്വർപാളികൾ ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യൽ. നേരത്തെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ൻ പോറ്റിയും കൂട്ടാളികളും കവർച്ച ചെയ്ത സ്വർണത്തിന് തത്യുമായ സ്വർണം പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെളിവെടുപ്പിൽ കണ്ടെടുത്ത ബാക്കി സ്വർണവും റാന്നി കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം 608 ഗ്രാം സ്വർണ്ണം ഹാജരാക്കിയിരുന്നു.





