കുമാരി.. എന്ന രണ്ടരവയസ്സുകാരി ഇനി അച്ഛൻ്റ കൈക്കുഞ്ഞോ പൊന്നാമനയോ അല്ല, നേപ്പാളുകാരുടെ ദേവതയാണ്. രണ്ടര വയസുകാരി ആര്യതാര ഷാക്യയെ ജീവിക്കുന്ന ദേവതയായി തെരഞ്ഞെടുത്തിരിക്കുകയാണ് നേപ്പാളുകാർ. നേപ്പാളിലെ ഹിന്ദു ബുദ്ധമത വിശ്വാസികളുടെ ആചാരപ്രകാരമാണ് കുമാരി എന്നറിയപ്പെടുന്ന ദേവതയെ കണ്ടെത്തി അവരോധിക്കുക.
കുമാരിയായി തെരഞ്ഞെടുക്കപ്പെടുന്ന പെൺകുഞ്ഞുങ്ങൾ കുടുംബത്തെ വിട്ട് ക്ഷേത്രത്തിലായിരിക്കും പിന്നീട് താമസം. കുമാരിമാർ വളർന്ന് ഋതുമതിയായി കഴിഞ്ഞാൽ അവരിൽ നിന്ന് ദേവത ഇറങ്ങിപ്പോകുമെന്നും നേപ്പാളുകാർ വിശ്വസിക്കുന്നു. പിന്നെ അടുത്ത പെൺകുട്ടിയുടെ ഊഴമാണ്. ഇതോടെ ക്ഷേത്രത്തിൻറെ പിൻ വാതിലിലൂടെ പഴയ കുമാരിയെ വീട്ടിലേക്ക് യാത്രയാക്കും.
ദേവത സങ്കല്പമാണെങ്കിലും കുമാരിമാരുടെ ജീവിതം അത്ര സുഖകരമല്ല. പുറം ലോകവുമായും സ്വന്തം കുടുംബവുമായും അവർക്ക് പിന്നിട് ബന്ധമുണ്ടാകില്ല. മറ്റ് വിശ്വാസികളെ പോലെ മാതാപിതാക്കൾക്കും ക്ഷേത്രത്തിലെത്തി കുമാരിയെ ദർശിക്കാം. മറ്റൊന്ന് കുമാരിയാകുന്ന കുഞ്ഞുങ്ങൾക്ക് പാദം നിലത്ത് സ്പർശിക്കാൻ അനുവാദമില്ല. രഥത്തിലോ ചുമലിലോ കയറ്റി എഴുന്നെള്ളിക്കുകയാണ് പതിവ്. വിദ്യാഭ്യാസത്തിനുള്ള അവകാശവും നിഷേധിച്ചിരുന്ന കുമാരിമാരുടെ പിന്നീടുള്ള ജീവിതം ദുഷ്കരമാകാൻ തുടങ്ങിയതോടെ ഇപ്പോൾ വിദ്യാഭ്യാസത്തിനും ടിവി കാണുന്നതിനുമുള്ള അനുവാദം നൽകിയിട്ടുണ്ട്. കുമാരി ആരെയെങ്കിലും നോക്കി ചിരിച്ചാൽ സ്വർഗത്തിലേക്കുള്ള ക്ഷണമാണെന്നും അക്കൂട്ടർ ഉടൻ മരിക്കുമെന്നും നേപ്പാളുകാർ വിശ്വസിക്കുന്നു. ചിരിമാഞ്ഞ മുഖവും ചുവന്ന മഷിയിൽ വരച്ച തൃക്കണ്ണും ചുവന്ന വേഷവുമാണ് കുമാരിയുടെ ആഢംബരം.
നേപ്പാളുകാരുടെ ദേവതയായ തേജലുവിൻറെ പ്രതിരൂപമാണ് കുമാരി എന്നാണ് വിശ്വാസം. 2 വയസിനും 6 വയസിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് തെരഞ്ഞെടുക്കുക. ഇതിനായി ഷാക്യ വംശജർക്കിടയിൽ പരസ്പരം മത്സരവും നടക്കുന്നുണ്ട്. മകൾ കുമാരിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ആ കുടുംബത്തിന് സമൂഹത്തിൽ കിട്ടുന്ന ബഹുമാനവും പദവികളുമാണ് മത്സരത്തിന് കാരണം.സാക്ഷാൽ നേപ്പാൾ പ്രസിഡൻറെ വരെ നേരിട്ടെത്തി കുമാരിയുടെ അനുഗ്രഹം തേടാറുണ്ട്.നിലവിലെ കുമാരി തൃഷ്ണ ഷാക്യ ഋതുമതി ആയതോടെയാണ് രണ്ടര വയസുകാരി ആര്യ താര തെരഞ്ഞെടുക്കപ്പെട്ടത്.