ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പരമോന്നത ദേശീയ ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. 2003-ലെ ദാദാ സാഹിബ് പുരസ്കാരത്തിന് മോഹൻലാലിനെ തെരഞ്ഞെടുത്തുവെന്നാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം പ്രഖ്യാപിച്ചത്.
മലയാള സിനിമയിൽ നിന്നും ഈ നേട്ടത്തിന് അർഹനാവുന്ന രണ്ടാമത്തെ വ്യക്തിയാണ് മോഹൻലാൽ. 2004-ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്. ചൊവ്വാഴ്ച ദില്ലിയിൽ വച്ച് 71-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും. മിഥുൻ ചക്രവർത്തി, രജനീകാന്ത്, അമിതാഭ് ബച്ചൻ എന്നിവർക്കാണ് സമീപവർഷങ്ങളിൽ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
ദാദാസാഹിബ് ഫാൽക്കെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം, ശ്രീ. മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകാൻ ഇന്ത്യാ സർക്കാർ തീരുമാനിച്ച വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു. മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നതാണ്.
ഇതിഹാസ നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ അദ്ദേഹം ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവ്, വൈദഗ്ദ്ധ്യം, അക്ഷീണ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ നിലവാരം ഉയർത്താൻ സഹായിച്ചു. 2025 സെപ്റ്റംബർ 23 ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മോഹൻലാലിന് പുരസ്കാരം സമ്മാനിക്കും – കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.