ദുബായിലെ ഗ്രാൻഡ് വെൽഡ് ഷിപ്പ്യാർഡ് മലയാളി കൂട്ടായ്മ ഗ്രാൻഡ് ഓണം 2025 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദുബൈ അൽസാഹിയ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഓണാഘോഷപരിപാടികൾ.
വർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച ഓണാഘോഷത്തിൽ പിന്നീട് താലപ്പൊലി, പുലിക്കളി, കുമ്മാട്ടിയാട്ടം, തെയ്യം, വെളിച്ചപ്പാട് തുടങ്ങിയ കലാപ്രകടനങ്ങൾ ഘോഷയാത്രയ്ക്ക് മനോഹാരിത കൂട്ടി. സീക് ദുബായ് അവതരിപ്പിച്ച ശിങ്കാരിമേളം, മുവെല്ല ബ്യൂട്ടിയുടെ തിരുവാതിര, കൈകൊട്ടിക്കളി, ഗ്രാൻഡ്‌വെൽഡ് കലാകാരന്മാരുടെ നാടൻ പാട്ടുകൾ തുടങ്ങിയ പരിപാടികൾ ഓണാഘോഷത്തിന് ഭംഗി കൂട്ടി. വിവിധ പരിപാടികൾക്ക് ഓണം കോ-ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
ബീറ്റ്സ് ഓഫ് ഗൾഫ് അവതരിപ്പിച്ച ഗാനമേളയോടെയായിരുന്നു പരിപാടിയുടെ സമാപനം. അതിഥികൾക്കായി വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. അബ്ദുള്ള സുൽത്താൻ ഓണാഘോഷ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നൗഫൽ ഖാലിദ്, മുഹമ്മദ് മിൻമോൻ എന്നിവരും അതിഥികളായി എത്തിയിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷംലൻ ഉണ്ണി, ക്യാപ്റ്റൻ വിജിത്ത് എന്നിവർ സംസാരിച്ചു.