ഇരുരാജ്യങ്ങളിലേയും വിമാനങ്ങൾക്ക് ആകാശപാത അടയ്ക്കുന്നത് തുടർന്ന് ഇന്ത്യയും പാകിസ്ഥാനും. പാകിസ്ഥാനിൽ നിന്നുള്ള വിമാനങ്ങളെ തങ്ങളുടെ ആകാശപാതയിൽ നിന്നും ഇന്ത്യയും, ഇന്ത്യയുടെ വിമാനങ്ങളെ തങ്ങളുടെ ആകാശപാതയിൽ നിന്നും പാകിസ്ഥാനും മാസങ്ങളായി വിലക്കിയിരിക്കുകയാണ്. ഇന്ത്യ സെപ്റ്റംബർ 24 വരെയും പാകിസ്ഥാൻ സെപ്റ്റംബർ 25 വരെയും അടച്ചിടൽ നീട്ടിയിട്ടുണ്ട്. വിലക്ക് നീട്ടിയ വിവരം അറിയിച്ചുകൊണ്ട് ഇരു രാജ്യങ്ങളും വ്യോമസേനാംഗങ്ങൾക്ക് പ്രത്യേകം നോട്ടീസ് നൽകിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതും ഇരുരാജ്യങ്ങളിലേയും എയർലൈനുകൾക്ക് വ്യോമാതിർത്തി അടച്ചതും. ഇതേ തുടർന്ന് വലിയ നഷ്ടമാണ് ഇരുരാജ്യങ്ങളിലേയും എയർലൈനുകൾ നേരിട്ടത്.
2019 ൽ, പുൽവാമ ഭീകരാക്രമണത്തെയും തുടർന്നുള്ള സൈനിക സംഘർഷത്തെയും തുടർന്ന്, പാകിസ്ഥാൻ ഏകദേശം അഞ്ച് മാസത്തേക്ക് ഇന്ത്യൻ എയർലൈനുകളെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. പ്രതിദിനം നാന്നൂറിലേറെ വിമാനങ്ങളാണ് ഇതേ തുടർന്ന് റൂട്ട് മാറ്റാൻ നിർബന്ധിതരായത്. യാത്രാസമയവും യാത്രചിലവും ഇതുമൂലം കൂടുന്ന സാഹചര്യമുണ്ട് .