തനിഷ്ക് മിഡിൽ ഈസ്റ്റും എഡിറ്റോറിയലും ചേർന്ന് സംഘടിപ്പിച്ച മാ കോണ്ടസ്റ്റിലെ ജേതാക്കളായ അമ്മമാർ ദുബായിൽ മക്കൾക്കൊപ്പം ഓണം ആഘോഷിച്ചു. ഈ മാസം അഞ്ചാം തീയതിയാണ് എഡിറ്റോറയൽ പ്രോഗ്രാം ഹെഡായ ആർജെ ഗദാഫിയോടൊപ്പം അഞ്ച് അമ്മമാർ മക്കളോടൊപ്പം ഓണമാഘോഷിക്കാൻ കൊച്ചി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് യാത്ര തിരിച്ചത്. കേരളത്തിലെ പല ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത ശോഭന,ഉഷ ബി നായർ,സുൽഫത്ത് ബീവി,രേഖ,ഷീബ എന്നീ അമ്മമാർക്കാണ് മക്കൾക്കൊപ്പം ഇത്തവണ ഓണം ആഘോഷിക്കാൻ ഭാഗ്യം ലഭിച്ചത്.നീണ്ട കാലയളവിന് ശേഷം മക്കളെ കാണുന്നതിലുളള സന്തോഷത്തിലായിരുന്നു ഓരോ അമ്മമാരും.
അമ്മമാരെയെല്ലാം മക്കളുടെ കൈകളിൽ ഭദ്രമായി ഏൽപ്പിച്ച ശേഷം ഉത്രാടപാച്ചിലിലാണ് വീണ്ടും എഡിറ്റോറിയൽ ടീം അവരെ കണ്ടത്. സ്നേഹ അമ്മ ഷീബയ്ക്ക് എല്ലാം അത്ഭുതങ്ങളായി തോന്നുന്നു എന്ന് പറഞ്ഞപ്പോൾ, ഉഷ അമ്മ പറഞ്ഞത് പണ്ട് കുട്ടികളെ ഉത്സവപറമ്പിൽ കൊണ്ട് പോകുമ്പോൾ ഒന്നും തൊടരുത് ചോദിക്കരുത് എന്ന് പറഞ്ഞപോലെയാണ് എന്നെ ഇപ്പൊ ശ്രീലക്ഷ്മി പുറത്ത് കറക്കാൻ കൊണ്ട് പോകുന്നതെന്ന് കുസൃതി നിറഞ്ഞ ചിരിയോടെ പങ്കുവെച്ചത്. സുൽഫത്ത് ബീവി മകൻ അക്ബറിനോടൊപ്പം ദുബായിലുളള മറ്റു ബന്ധുകളെയും കാണാനായ സന്തോഷത്തിലായിരുന്നു. ആതിരയ്ക്ക് ഏറ്റവും ഇഷ്ടമുളള എന്നാൽ നന്നായി ഉണ്ടാക്കാൻ സാധിക്കാത്ത പായസം ഉണ്ടാക്കി കൊടുക്കുന്ന തിരക്കിലായിരുന്നു അമ്മ രേഖ, ഏറ്റവും സന്തോഷം നിറഞ്ഞ കാഴ്ച്ച നമ്മൾ കണ്ടത് സ്മിതയുടെ വീട്ടിലായിരുന്നു.
അമ്മ ശോഭനയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു ഉത്രാടം, അവരുടെ ആഘോഷത്തിൽ എഡിറ്റോറിയൽ ടീമിനും പങ്കുചേരാനായി. ജീവിത പ്രതിസന്ധിയിൽ തളരാതെ മക്കൾക്ക് താങ്ങും തണലുമായി നിന്ന് വളർത്തി വലുതാക്കി, അവസാനം ജീവിതം കെട്ടിപടുക്കാനുളള ഓട്ടത്തിൽ മക്കൾ പ്രവാസികളായപ്പോൾ ഓണ നാളുകളിൽ വീട്ടിൽ നിറഞ്ഞിരുന്ന കളിയുംചിരിയും കൂടെയാണ് കാണാമറയത്ത് ആയത്. ഏറെ നാളുകൾക്ക് ശേഷം അമ്മമാരും മക്കളും തമ്മിൽ ദുബായിൽ വെച്ച് കണ്ട്മുട്ടിയപ്പോൾ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും കൂടിചേരൽ കൂടിയായി ആ സംഗമം.