മുംബൈ: രാജ്യത്തെ പുതിയ എയർലൈൻ കമ്പനികളിലൊന്നായ ആകാശ എയർലൈൻസ് മൂന്നാം വർഷത്തിലേക്ക്. പ്രശസ്ത നിക്ഷേപകൻ രാകേഷ് ജുൻജുൻവാല, വിനയ് ദുബൈ, ആദിത്യഘോഷ് എന്നിവർ ചേർന്ന് സ്ഥാപിച്ച ആകാശ എയർ 2022 ആഗസ്റ്റ് ഏഴിനാണ് ആദ്യത്തെ സർവ്വീസ് നടത്തിയത്. വളർച്ചയിൽ 24 മാസം പിന്നിടുമ്പോൾ സർവ്വീസുകളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും വലിയ മുന്നേറ്റമാണ് ആകാശയ്ക്ക് അവകാശപ്പെടാനുള്ളത്.
കുവൈത്തിലേക്ക് കൂടി സർവ്വീസ് വ്യാപിപ്പിച്ചതോടെ ജിസിസിയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ആകാശ എയറിനായിട്ടുണ്ട്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആകാശ എയർ ഈ വർഷം മാർച്ച് 28-ന് മുംബൈയിൽ നിന്നും ദോഹയിലേക്കാണ് തങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര സർവ്വീസ് നടത്തിയത്. തുടർന്നുള്ള ആഴ്ചകളിൽ ജിദ്ദ, റിയാദ്, അബുദാബി എന്നീ നഗരങ്ങളിലേക്കും ആകാശയുടെ വിമാനങ്ങൾ പറന്നു തുടങ്ങി.
ഇന്ത്യൻ വ്യോമയാന ചട്ടങ്ങൾ അനുസരിച്ച് ഇരുപത് വിമാനങ്ങളെങ്കിലും സ്വന്തമായി ഉണ്ടെങ്കിൽ മാത്രമേ ഒരു വിമാനക്കമ്പനിക്ക് അന്താരാഷ്ട്ര സർവ്വീസ് തുടങ്ങാനാവൂ.
ഒരൊറ്റ വിമാനവുമായിട്ടാണ് സർവ്വീസ് തുടങ്ങിയതെങ്കിലും ഒരു വർഷത്തിനുള്ളിൽ സർവ്വീസ് ഫ്ലീറ്റിലുള്ള വിമാനങ്ങളുടെ എണ്ണം ഇരുപതാക്കി എടുക്കാൻ ആകാശയ്ക്ക് സാധിച്ചു. നിലവിൽ 24 ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് ആകാശയ്ക്ക് സ്വന്തമായുള്ളത്. പൈലറ്റുമാർ, ക്യാബിൻ ക്രൂ, എഞ്ചിനീയർമാർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരുൾപ്പെടെ 4,000-ത്തിലധികം തൊഴിലാളികൾ എയർലൈനിനുണ്ട്.
ഇന്ത്യൻ വ്യോമയാന രംഗത്തുണ്ടായ വളർച്ചയും ഗോ ഫസ്റ്റ് അടച്ചുപൂട്ടിയതും സ്പൈസ് ജെറ്റിൻ്റെ പ്രവർത്തനം കുറഞ്ഞതും ആകാശ എയറിൻ്റെ വളർച്ചയ്ക്ക് കൂടുതൽ ബലമേകി എന്നാണ് വ്യോമയാന വിദഗ്ദ്ധർ പറയുന്നത്. ആഭ്യന്തര വിപണയിൽ സ്പൈസ് ജെറ്റിനേക്കാൾ (3.8 ശതമാനം) വിഹിതം ആകാശയ്ക്കുണ്ട് (4.8 ശതമാനം). 85% മുതൽ 90% വരെ വരെ ഒക്യുപെൻസി റേറ്റോടെയാണ് ആകാശ വിമാനങ്ങൾ പറക്കുന്നത്. ആകാശയ്ക്ക് യാത്രക്കാർക്ക് ഇടയിലുള്ള ജനപ്രീതിയുടെ കൂടി തെളിവായിട്ടാണ് ഇതിനെ കമ്പനി ഉയർത്തി കാണിക്കുന്നത്.