പത്തനംതിട്ടയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഒരു വാഹനം പിടിച്ചെടുത്തതായും സൂചനയുണ്ട്. വയോധികന്റേത് കൊലപാതകമാണെന്ന് പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
ശനിയാഴ്ചയാണ് വ്യാപാരിയായ ജോര്‍ജ് ഉണ്ണുണിയെന്ന വയോധികനെ കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്തു ഞെരിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കൈലിമുണ്ടിന്റെയും ഷര്‍ട്ടിന്റെയും കഷ്ണങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് തന്നെ ലഭിച്ചിരുന്നു.
ജോര്‍ജിന്റെ കൈകളും കാലുകളും കെട്ടിയിട്ട് വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഒന്‍പത് പവന്റെ സ്വര്‍ണമാലയും പണവും മോഷണം പോയിട്ടുണ്ട്.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൈലപ്രയില്‍ ഏറെക്കാലമായി കച്ചവടം നടത്തുന്ന വ്യക്തിയാണ് ജോര്‍ജ്.