സിക്കിമിലെ ലാച്ചന്‍ താഴ്‌വരയിലെ തീസ്ത നദിയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൈനികരെയും നാട്ടുകാരെയും കാണാതായി. പ്രളയത്തില്‍ ഒഴുകിപ്പോയെന്ന സംശയത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രളയത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.
വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം സംഭവിച്ചത്. തടാകം കരകവിഞ്ഞ് ഒഴുകിയെത്തിയ വെള്ളമാണ് തീസ്ത നദിയില്‍ മിന്നല്‍ പ്രളയത്തിന് കാരണമായത്.
23 സൈനികരെയാണ് കാണാതയതായി റിപ്പോര്‍ട്ട് ഉള്ളത്. സൈനിക വാഹനങ്ങളും വെള്ളത്തില്‍ ഒഴുകി പോയതായും റിപ്പോര്‍ട്ട് ഉണ്ട്. നദിയില്‍ 15-20 അടിവരെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് ബര്‍ദാങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒലിച്ചു പോവുകയായിരുന്നു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സിങ്താം ഫൂട്ട് ബ്രിഡ്ജ് തകര്‍ന്നിട്ടുണ്ട്. പശ്ചിമ ബംഗാളിനെയും സിക്കിമിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ പാത പത്തിന്റെ പല ഭാഗങ്ങളും ഒലിച്ചു പോയി. പല റോഡുകളും ഗതാഗത യോഗ്യമല്ലാതായി.
തീസ്ത നദിക്കരയില്‍ മാറി താമസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.