തിരുവനന്തപുരം: ആർ ജെ രാജേഷ് വധക്കേസിൽ രണ്ട് പ്രതികൾ കുറ്റക്കാർ. ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഓച്ചിറ സ്വദേശിയും ഖത്തറിൽ വ്യവസായിയുമായിരുന്ന അബ്ദുൾ സത്താറാണ് രാജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്. തന്‍റെ ഭാര്യയുമായി രാജേഷിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം.
തിരുവനന്തപുരം മടവൂർ സ്വദേശി രാജേഷ് നേരത്തെ ഖത്തറിൽ റേഡിയോ ജോക്കിയായിരുന്നു. ഇയാളും സത്താറിന്‍റെ ഭാര്യയും നൃത്തധ്യാപികയുമായ യുവതിയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഇതേ ചൊല്ലി സത്താറിന്‍റെ കുടുംബജീവിതം തകർന്നിരുന്നു. ഈ വൈരാഗ്യത്തിലാണ് രാജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്. 2018 മാർച്ച് 27ന് മടവൂരിൽ രാജേഷ് നടത്തി വന്ന സ്റ്റുഡിയോയിൽ വെച്ചാണ് രാജേഷിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ രാജേഷിന്‍റെ സുഹൃത്ത് കുട്ടനും പരിക്കേറ്റിരുന്നു. ഇയാളായിരുന്നു കേസിലെ ഏക ദൃക്സാക്ഷി.
കേസിലെ ഒന്നാം പ്രതി സത്താർ ഇപ്പോഴും ഒളിവിലാണ്. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഈ മാസം 16 ന് കേസിൽ ശിക്ഷ വിധിക്കും .കേസിലെ രണ്ടാം പ്രതിയും സത്താറിന്‍റെ ജീവനക്കാരനുമായ മുഹമ്മദ് സ്വാലിഹ് ഖത്തറിൽ നിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് നടപ്പാക്കിയത്.മൂന്നാം പ്രതി അപ്പുണ്ണി ഉൾപ്പെടുന്ന സാത്താൻ ചങ്ക്സ് എന്ന ക്വട്ടേഷൻ സംഘത്തിനൊപ്പം സ്വലിഹും സ്ഥലത്തെത്തിയാണ് കൃത്യം നിർവഹിച്ചത്