അജ്മാൻ: തീഗോളങ്ങൾ സ്വന്തം ഫ്ലാറ്റിനെ വിഴുങ്ങുമ്പോൾ സുരക്ഷിതയിടങ്ങളിലേക്ക് മാറുക മാത്രമായിരുന്നു ഹലയുടെയും കുടുംബത്തിന്‍റെയും മുന്നിലുള്ള വഴി. വീട്ടുപകരണങ്ങൾക്കും വിലപിടിപ്പുള്ള വസ്തുക്കൾക്കുമൊപ്പം കത്തിയമർന്നത് ഹല എന്ന അറബ് വംശജയായ വിദ്യാർത്ഥിനിയുടെ സ്വപ്നങ്ങളായിരുന്നു. കഷ്ടപ്പെട്ട് പഠിച്ച് നേടിയ അവളുടെ ബിരുദസർട്ടിഫിക്കറ്റുകളും അഗ്നിക്കിരയായിരുന്നു. കുടുംബവുമൊത്ത് ഗ്രാജ്വേഷൻ ആഘോഷമാക്കാനിരിക്കുന്നതിനിടെയായിരുന്നു അപകടം
അജ്മാൻ റാഷിദിയയിലെ ഏരിയ വൺ ടവറിലെ അപകടസ്ഥലം സന്ദർശിച്ച പൊലീസിന് ലഭിച്ചതാകട്ടെ പാതികത്തിയമർന്ന ബിദുദസർട്ടിഫിക്കറ്റിലെ ഒരു കഷ്ണം പേപ്പർ. ഏവരെയും ഞെട്ടിച്ചു കൊണ്ട് തുടർപഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥിനിക്ക് ഒരു സർപ്രൈസ് നൽകാനായിരുന്നു അജ്മാൻ പൊലീസിന്‍റെ തീരുമാനം. ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പുതിയ ബിരുദസർട്ടിഫിക്കറ്റ് തയ്യാറാക്കിയ ശേഷം അജ്മാൻ പൊലീസ് ഹലയെയും കുടുംബത്തെയും പൊലീസ് സ്റ്റേഷനിലേക്ക് ക്ഷണിച്ചു
കത്തിക്കരിഞ്ഞ ഫ്ലാറ്റിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ കുടുംബത്തെ കാണിച്ചു. പിന്നാലെ ഹലയ്ക്ക് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റിന് പകരം പുതുപുത്തൻ സർട്ടിഫിക്കേറ്റ് കൈമാറി.അവൾ അത്രയും നാൾ മനസിൽ താലോലിച്ചിരുന്ന സ്വപ്നം നിയമപാലകർ കൈമാറുമ്പോൾ ഹലയുടെ മുഖത്തെ പുഞ്ചിരി ആരുടെയും മനം കവരുന്നതായിരുന്നു.
ഒപ്പം കൈനിറയെ സമ്മാനങ്ങളും നൽകിയാണ് പൊലീസ് ഉദ്യോഗസ്ഥർ ഗ്രാജ്വേഷൻ പാർട്ടി ഒരുക്കിയത്. പൊലീസ് സ്റ്റേഷനിൽ നടന്ന ആഘോഷത്തിൽ അജ്മാൻ പൊലീസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷിയും പങ്കെടുത്തു.